പഞ്ചായത്ത് റോഡ് കൈയേറി പാലംപണി വിവാദമാകുന്നു
text_fieldsമാവേലിക്കര: പഞ്ചായത്തുറോഡിന്റെ പകുതിയോളംഭാഗം കൈയേറി പാലംപണിയുന്നത് വിവാദമാകുന്നു. കീച്ചേരിക്കടവിൽ അച്ചൻകോവിലാറിനു കുറുകെ ചെട്ടികുളങ്ങര- ചെന്നിത്തല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പണിയാണ് വിവാദമായത്. നിലവിലുള്ള പാലം തീരുന്നിടത്തു പഞ്ചായത്ത് റോഡിന്റെ വീതി 3.5 മീറ്ററായി കുറയുകയും വാഹനഗതാഗതത്തിനു തടസം നേരിടുകയും ചെയ്യുമെന്നതാണ് വിവാദമുയരാൻ കാരണം.
2021 അവസാനമാണ് കീച്ചേരിക്കടവിൽ പാലം പണി തുടങ്ങിയത്. സ്ഥലത്തിന്റെ വിലയുൾപ്പെടെ 16.5 കോടി രൂപയുടെ ഈ പദ്ധതി മന്ത്രി സജി ചെറിയാന്റെ താത്പര്യപ്രകാരം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചത്. പാലത്തിന്റെ ഒരുഭാഗം കായംകുളം മണ്ഡലത്തിലും മറുഭാഗം ചെങ്ങന്നൂർ മണ്ഡലത്തിലുമാണ്. 11 മീറ്ററാണ് വീതി. പാലവും അനുബന്ധപാതയും പൂർത്തിയാകുമ്പേൾ കടവൂർകുളം-അച്ചൻ വാതുക്കൽ പഞ്ചായത്ത് റോഡിന്റെ പകുതിയോളം നഷ്ടപ്പെടും.
ഒരുവശം പാടശേഖരവും മറുവശം അച്ചൻകോവിലാറും സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് പുറംലോകത്തേക്ക് എത്താനുള്ള ഏക ആശ്രയമായ റോഡാണ് ഇതുമൂലം തടസപ്പെടുന്നത്. നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡിന്റെ വീതി ചുരുങ്ങി ഗതാഗതം ദുഷ്കരമാകും. ഗതാഗതം തടസപ്പെടുന്ന രീതിയിൽ റോഡിന്റെ ഭാഗം കൈയേറി പാലംപണിയുന്നതിൽ ശക്തമായ എതിർപ്പുണ്ട്. ഇത്തരത്തിൽ പാലത്തിന്റെ തൂണുകൾ വാർക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്ന് നിർമാണം മാറ്റിവെച്ചു.
കഴിഞ്ഞ സംസ്ഥാനബജറ്റിൽ നിർദേശിച്ച വലിയ പെരുമ്പുഴ -കരിപ്പുഴ ബണ്ട് റോഡിന്റെ നിർമാണത്തിനും ഇതു തടസമാകും. എന്നാൽ പാലംപണിക്കു മുന്നോടിയായി സ്ഥലം ഉടമകളുടെയുൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചിരുന്ന വേളയിലോ, തുടർന്ന് തൂണുകൾക്കുള്ള പൈലിങ് നടക്കുന്ന സമയത്തോ ആരും ഈ പ്രശ്നം ഉന്നയിച്ചിരുന്നില്ലെന്നു മരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.