ചെട്ടികുളങ്ങര ഭരണി; ഉത്സവലഹരിയിൽ ഗ്രാമം...
text_fieldsമാവേലിക്കര: ചെട്ടികുളങ്ങര ഭരണിയോടനുബന്ധിച്ച് നടക്കുന്ന വൈവിധ്യമാർന്ന ചടങ്ങുകൾ പുതുമയും ഭക്തിനിർഭരവും. കെട്ടുകാഴ്ച നിർമാണത്തോടനുബന്ധിച്ച് നടത്തുന്ന അന്നദാന വഴിപാടാണ് കുതിരമൂട്ടിൽ കഞ്ഞി. കെട്ടുകാഴ്ച നിർമാണം തുടങ്ങിയ ശിവരാത്രി നാൾ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. കഞ്ഞി, മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം, ഉണ്ണിയപ്പം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്ക് കൊടുക്കുന്നത്.
കഞ്ഞികുടിക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനിലവെച്ചാണ് ചൂടുകഞ്ഞി വിളമ്പുന്നത്. അസ്ത്രവും മുതിരപ്പുഴുക്കും കഞ്ഞിയിലേക്ക് പകർന്ന് പ്ലാവില കുമ്പിൾ ഉപയോഗിച്ച് കോരിക്കുടിക്കുമ്പോഴുള്ള രുചി ചെട്ടികുളങ്ങരയുടെ രസക്കൂട്ടാണ്.
വിഭവങ്ങളെല്ലാം തയാറായിക്കഴിഞ്ഞാൽ വഴിപാടുകാർ കെട്ടുകാഴ്ച നിർമാണ സ്ഥലത്തെത്തി വെറ്റിലയും പുകയിലയും ദക്ഷിണവെച്ച് കരക്കാരെ ക്ഷണിക്കും. കെട്ടുകാഴ്ചയുടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്നവർ കുത്തിയോട്ട പാട്ടുപാടി കത്തിസദ്യ നടക്കുന്ന സ്ഥലത്തെത്തുമ്പോൾ താലപ്പൊലിയും വായ്ക്കുരവയുമായി വീട്ടുകാർ എതിരേൽക്കും.
തുടർന്നാണ് കഞ്ഞിസദ്യ തുടങ്ങുന്നത്. ദേവി ആദ്യം ചെട്ടികുളങ്ങരയിൽ എത്തിയപ്പോൾ കഴിച്ച ആഹാരം കഞ്ഞിയും മുതിരപ്പുഴുക്കും അസ്ത്രവുമാണെന്നാണ് ഐതിഹ്യം.
കൊഞ്ചും മാങ്ങയും ഭരണിയുടെ രുചി
ഓണാട്ടുകരയിലെ ഭവനങ്ങളിൽ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്. ഉണങ്ങിയ കൊഞ്ചും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി കുംഭഭരണി നാളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. കടകളിൽ ഇത് സുലഭമായി കച്ചവടം തുടങ്ങി. കുംഭഭരണിയും കൊഞ്ചും മാങ്ങയും തമ്മിലെ ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.
കൊഞ്ചും മാങ്ങയും ചേർത്തുള്ള കറി പാചകം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മ കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർഥിച്ചിട്ട് കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. അടുപ്പത്തിരുന്ന കറിയുടെ കാര്യം മറന്ന വീട്ടമ്മ നേരമേറെക്കഴിഞ്ഞ് കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് ഓടിയെത്തിയപ്പോൾ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്.
ഇത് നാട്ടിലാകെ പ്രചരിച്ചു. ഇതോടെ കൊഞ്ചും മാങ്ങ കരകളിലെ ഇഷ്ടവിഭവമായി മാറി എന്നാണ് ഐതിഹ്യം. ഓരോ കുംഭഭരണിക്കാലവും ഓണാട്ടുകരക്ക് സമ്മാനിക്കുന്നത് ആചാരാനുഷ്ഠാനങ്ങളുടെ വൈവിധ്യവും വിശ്വാസത്തിന്‍റെ പെരുമയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.