കരാർ ജീവനക്കാരിയെ സി.പി.എം വനിത നേതാവ് ദ്രോഹിക്കുന്നതായി പരാതി
text_fieldsമാവേലിക്കര: നഗരസഭയിലെ കരാർ ജീവനക്കാരിയായ ഡി.വൈ.എഫ്.ഐ വനിതാ ഭാരവാഹിയെ സി.പി.എം ജില്ല കമ്മിറ്റി അംഗമായ വനിത ദ്രോഹിക്കുന്നതായി പരാതി. നിയമന കരാർ പുതുക്കുമ്പോഴൊക്കെ വനിതാ നേതാവ് ഒരു മാസത്തെ ശമ്പളം വാങ്ങിയെടുത്തെന്നും സാമ്പത്തിക പ്രയാസംമൂലം ഇതു മുടങ്ങിയതോടെ ജോലി നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നെന്നുമാണ് പരാതി. ഒക്ടോബറിൽ ജില്ല സെക്രട്ടറിക്ക് നൽകിയ പരാതി അന്വേഷിക്കാൻ ജില്ല കമ്മിറ്റി അംഗം എ. മഹീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇടക്ക് ജോലി നഷ്ടമായ യുവതി ഹൈകോടതിയിൽനിന്ന് സ്റ്റേ നേടിയാണ് ഇപ്പോൾ തുടരുന്നത്. നഗരസഭാ ഭരണം മാറിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ സമ്മർദം ചെലുത്തി യുവതിയുടെ ജോലി നഷ്ടപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. എന്നാൽ, നന്നായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടേണ്ട എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. നഗരസഭയിൽ ജോലിയൊഴിവുണ്ടെന്ന് അറിയിച്ചതും സഹായിക്കാമെന്ന് പറഞ്ഞതും വനിതാ നേതാവാണ്. എന്നാൽ, ആദ്യ വേതനം ലഭിച്ചപ്പോൾ പാർട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് ആ പണം ഇവർ വാങ്ങിയത്രെ. പിന്നീട് ഓരോ ആറുമാസ കാലയളവിലും കരാർ പുതുക്കുമ്പോൾ ഇങ്ങനെ പണം വാങ്ങി. പിന്നീട് കുടുംബം സാമ്പത്തിക ഞെരുക്കത്തിലായതോടെ പണം നൽകാൻ കഴിയാതായെന്നും അതോടെ നേതാവ് ദ്രോഹിക്കുകയാണെന്നുമാണ് പരാതി.
നാലുമാസം ശമ്പള ഫയൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചു. കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കരാർ അവസാനിച്ചതായി അറിയിച്ചു. പാർട്ടിയിലും ജനപ്രതിനിധികളോടും പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് പാർട്ടിയെ അറിയിച്ച് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നഗരസഭയിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടും വനിതാ നേതാവ് പണം വാങ്ങിയതായി ആരോപണമുണ്ട്.
പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള സൈക്കിളുകളും പഠനോപകരണങ്ങളും അനർഹർക്ക് നൽകിയെന്നും അനർഹർക്ക് പ്രളയസഹായം നൽകിയെന്നും ഇതിൽനിന്ന് വിഹിതം വാങ്ങിയെന്നുമുള്ള ആരോപണങ്ങളും പാർട്ടി നേതൃത്വത്തിന് മുന്നിലെത്തി. ഇത്രയും ഗുരുതര ആരോപണം നേരിടുന്ന വനിതാ നേതാവിനെ സംരക്ഷിക്കാൻ പാർട്ടിയിൽ ഒരു വിഭാഗം ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.