അരയ്ക്ക് താഴെ തളര്‍ന്ന യുവതിക്ക് മംഗല്യമൊരുക്കാൻ സി.പി.എം
text_fieldsമാവേലിക്കര: അരയ്ക്ക് താഴെ തളര്‍ന്ന യുവതിയുടെ വിവാഹം സി.പി.എം ഏറ്റെടുത്തു നടത്തുന്നു. ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തില്‍ വിനീതയുടെ (34) വിവാഹമാണ് ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ കമ്മിറ്റി ഏറ്റെടുത്ത് നടത്തുന്നത്. ഈരേഴ വടക്ക് നിർമിതി കോളനി നിവാസികളായ വേണുഗോപാലിെൻറയും ഓമനയുടെയും മകളാണ് വിനീത. വിനീതയുടെ സഹോദന് വിനീഷും (32) അരയ്ക്ക് താഴെ തളര്‍ന്ന നിലയിലാണ്.
അർബുദബാധിതയായിരുന്ന ഓമനയുടെയും മക്കളുടെയും ചികിത്സക്കുപോലും ബുദ്ധിമുട്ടുന്ന ഈ കുടുംബം വേണുഗോപാലിെൻറ കൂലിപ്പണിയില്‍നിന്ന് കിട്ടുന്ന വരുമാനത്തിലാണ് കഴിയുന്നത്. 14 വര്‍ഷം മുമ്പ് പിടിപെട്ട പേശീക്ഷയം എന്ന രോഗമാണ് വിനീതയെയും വിനീഷിനെയും കിടക്കയിലാക്കിയത്. ഇരുവരും വീല്‍ചെയറിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. പാലക്കാട് തൃത്താല മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ അപ്പുക്കുട്ടെൻറയും ശാരദയുടെയും മകന് സുബ്രഹ്മണ്യനാണ് വിനീതയെ വിവാഹം കഴിക്കുന്നത്. വിനീതയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിഞ്ഞ ശേഷമാണ് സുബ്രഹ്മണ്യന് വിവാഹത്തിന് തയാറായത്. ഫെബ്രുവരി 14 നായിരുന്നു വിവാഹ നിശ്ചയം. സെപ്റ്റംബര്‍ എട്ടിന് മറ്റം മഹാദേവര്‍ ക്ഷേത്രത്തിലാണ് വിവാഹം.
മംഗല്യസഹായ സംഘാടക സമിതി എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചാണ് വിവാഹക്രമീകരണം നടത്തുന്നതെന്ന് സി.പി.എം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ സെക്രട്ടറി കെ. ശ്രീപ്രകാശ് പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെയും ഗൂഗ്ള്‍ പേവഴിയുമാണ് വിവാഹ ചെലവിനുള്ള തുക കണ്ടെത്തുന്നത്. ആഗസ്റ്റ് 15ന് ഗ്രേസ് ഓഡിറ്റോറിയത്തിലാണ് ബിരിയാണി ചലഞ്ച്. സംഘാടക സമിതി രൂപവത്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ദാസ് ഉദ്ഘാടനം ചെയ്തു. യു. പ്രതിഭ എം.എല്‍.എ, ഇന്ദിരദാസ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലളിത ശശിധരന്, പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി, സുമ ബാലകൃഷ്ണന് എന്നിവരാണ് രക്ഷാധികാരികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.