മാവേലിക്കരയിൽ വീണ്ടും തൊഴിൽ തട്ടിപ്പ്: ഒരാൾ പിടിയിൽ
text_fieldsമാവേലിക്കര: ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, അറ്റന്‍ഡര്‍, പ്യൂണ്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ മാവേലിക്കരയിൽ വീണ്ടും തൊഴിൽ തട്ടിപ്പ്.
ചവറയിലെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിൽ (ഐ.ആർ.ഇ) കരാർ അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടിയ കരുനാഗപ്പള്ളി മരുതൂർ കുളങ്ങര വടക്ക് മങ്ങാട്ട് തെക്കേത്തറ വീട്ടിൽ സുകു ഭവാനന്ദനെയാണ് (39) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പല്ലാരിമംഗലം തൈവിളയിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ഇയാൾ മുമ്പ് ഐ.ആർ.ഇ യിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. മുള്ളിക്കുളങ്ങര, ചെട്ടികുളങ്ങര, തഴക്കര , പല്ലാരിമംഗലം, വീയപുരം, ഹരിപ്പാട് , ആലപ്പുഴ, പാലക്കാട് സ്വദേശികളായ ഇരുപത്തഞ്ചോളം പേരിൽനിന്നും 6000 മുതൽ 12000 രൂപ വരെ തട്ടിയെടുത്തിട്ടുണ്ട്.
ഇയാളുടെ വീട്ടിൽനിന്നും നിരവധി പേരുടെ ബയോഡേറ്റകളും രേഖകളും പൊലീസ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ സി. ശ്രീജിത്ത്, എസ്.ഐ സി.എച്ച്. അലി അക്ബർ, സീനിയർ സി.പി.ഒ എൻ.എസ്. സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.