പരിസ്ഥിതി പ്രവർത്തകന് റിപ്പബ്ലിക് പരേഡിലേക്ക് ക്ഷണം
text_fieldsറാഫി രാമനാഥ് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ഔഷധത്തോട്ടത്തിൽ
മാവേലിക്കര: വനംവകുപ്പിന്റെ നേതൃത്വത്തിൽ മിയാവാക്കി മാതൃകയിൽ സ്ഥാപിച്ച ചെറുവനം സംരക്ഷിച്ച് പരിപാലിക്കുന്ന പരിസ്ഥിതി പ്രവർത്തകനും മൻകി ബാത്തിൽ ആദരവും ലഭിച്ച റാഫി രാമനാഥിന് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം. ജേഷ്ഠസഹോദരൻ അജയകുമാറും കൂടെ ഉണ്ടാവും. താമരക്കുളം വി.വി. ഹയർ സെക്കൻഡറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകനായ ഇദ്ദേഹത്തെ 102-ാം മത്തെ മൻകി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. കുട്ടികളോടൊത്ത് മണ്ണും ജലവും വായുവും സംരക്ഷിക്കാനുള്ള റാഫിയുടെ പ്രവർത്തനങ്ങളിൽ ഏറെ പ്രധാനം മിയാവാക്കി മാതൃകയിൽ വിദ്യാലയ വളപ്പിൽ സ്ഥാപിച്ച വിദ്യാവനം പദ്ധതിയാണ്.
സ്കൂൾ മാനേജ്മെന്റ് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് റാഫി രാമനാഥിന്റെ നേതൃത്വത്തിൽ 115 ഇനങ്ങളിലായി 460 മരങ്ങൾ നട്ട് വനംവകുപ്പ് നിർമിച്ചതാണ് വിദ്യാവനം പദ്ധതി. വിദ്യാവനത്തിന് ചുറ്റുവേലി കെട്ടി സംരക്ഷിച്ച് നെയിംബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ക്യൂആർ കോഡ് സ്ഥാപിച്ച്, കുട്ടികൾക്ക് സ്കാൻ ചെയ്ത് വൃക്ഷങ്ങളുടെ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ വൃക്ഷ ലൈബ്രറി കൂടിയാണ് വിദ്യാവനം. 2004ൽ ജോലിയിൽ പ്രവേശിച്ച റാഫി 2009ൽ സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ കോഓഡിനേറ്റർ ആയതോടെയാണ് കുട്ടികളുമൊത്ത് പ്രവർത്തനം തുടങ്ങിയത്.
ജൈവവൈവിധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷകനുളള സംസ്ഥാന പുരസ്കാരം, വനമിത്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മാവേലിക്കര തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനിൽ രാമനാഥൻ പിള്ളയുടെയും സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ: ശ്രീലക്ഷ്മി. മക്കൾ: ആർ.എസ്. അദ്വൈത്, ആർ.എസ്. പാർത്ഥിവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.