നഗരസഭയും റവന്യൂവകുപ്പും രണ്ടുതട്ടിൽ; കീറാമുട്ടിയായി കോട്ടത്തോട് കൈയേറ്റം ഒഴിപ്പിക്കൽ
text_fieldsമാവേലിക്കര: കോട്ടത്തോടിന്റെ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമുള്ള കൈയേറ്റം ഒഴിപ്പിക്കുന്ന വിഷയത്തിൽ നഗരസഭയും റവന്യൂവകുപ്പും രണ്ടുതട്ടിൽ. ഡിപ്പോക്ക് വടക്ക് ഭാഗത്ത് കോട്ടത്തോടിന്റെ സ്ലാബിന് പുറത്തേക്ക് ഇറക്കി നിർമിച്ചിരിക്കുന്ന കടകൾ സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ ഉയർന്ന പരാതി പരിഹാര നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങൾ.
താലൂക്ക് വികസന സമിതി സിറ്റിങ്ങിലാണ് കോട്ടത്തോട് വീണ്ടും വിഷയമായത്. വികസന സമിതി റിപ്പോർട്ടിൽ ജൂലൈ 17ന് മാവേലിക്കര താലൂക്ക് ഓഫിസിൽ നിന്നും നഗരസഭക്ക് കൈയേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് 2009ലെ സർക്കാർ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നിയമം അടിസ്ഥാനപ്പെടുത്തി അയച്ച കത്തിനുള്ള നഗരസഭ സെക്രട്ടറിയുടെ മറുപടിയാണ് വീണ്ടും കോട്ടത്തോട് കൈയ്യേറ്റം ചർച്ചയാകാനിടയാക്കിയത്.
അങ്ങനെ ഒരു കത്ത് ലഭിച്ചിട്ടില്ലെന്നും 2009ലെ നിയമത്തെ കുറിച്ച് അറിയില്ലെന്നും കോട്ടത്തോടിന്റെ അതിർത്തി നിർണയിച്ചുനൽകിയിട്ടില്ലെന്നും മുൻസിപ്പൽ സെക്രട്ടറി പറഞ്ഞു. എന്നാൽ ജൂലൈ 17ന് കത്ത് അയച്ചിട്ടുണ്ടെന്നും താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ തോട് അളന്ന് തിട്ടപ്പെടുത്തി നഗരസഭ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതാണെന്നും കല്ലിടേണ്ട ഉത്തരവാദിത്വം നഗരസഭയുടേതാണെന്നും തഹസിൽദാർ പറഞ്ഞു.
എന്നാൽ കത്ത് ലഭിച്ചിട്ടില്ലെന്നും ജൂലൈ 10ന് കോട്ടത്തോട് കൈയേറി നിർമിച്ച സ്ഥാപനങ്ങളുടെ ഉടമകളെ ഹിയറിങിനായി വിളിച്ചിരുന്നു. 29ന് ട്രൈബ്യൂണൽ ഒഴിപ്പിക്കൽ തടഞ്ഞുകൊണ്ട് സ്റ്റേ വന്നിട്ടുള്ളതായും സെക്രട്ടറി അറിയിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച ഫയലുകളുമായി തന്നെ നേരിട്ട് കാണണമെന്ന് എം.എൽ.എ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടുവർഷം മുമ്പാണ് കോട്ടത്തോട് കൈയേറ്റം സംബന്ധിച്ച പരാതി താലൂക്ക് വികസന സമിതിയിൽ എത്തുന്നത്. ഇതിനെ തുടർന്ന് എം.എൽ.എ, മുനിസിപ്പാലിറ്റി, മൈനർ ഇറിഗേഷൻ, മലിനീകരണ നിയന്ത്രണബോർഡ്, റവന്യൂ എന്നിവർ പരിശോധന നടത്തി കൈയേറ്റം കണ്ടെത്തുകയും നഗരസഭ നോട്ടീസ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.