മാലിന്യം തള്ളൽ കേന്ദ്രമായി കോട്ടത്തോട്; കൈയേറിയവർക്ക് നോട്ടീസ് നൽകി നഗരസഭ
text_fieldsമാവേലിക്കര: മാലിന്യം തള്ളൽ കേന്ദ്രമായി മാറിയ കോട്ടത്തോട് കൈയേറിയവർക്കെതിരെ നഗരസഭ നോട്ടീസ്. വികസനസമിതി തീരുമാനപ്രകാരം കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷന് സമീപത്ത് കൈയേറിയവർക്കാണ് നഗരസഭ നോട്ടീസ് നൽകിയത്.
വിവിധ സർക്കാർ വകുപ്പുകൾ കഴിഞ്ഞ മേയ് 10ന് സംയുക്ത പരിശോധന നടത്തി കൈയേറ്റം കണ്ടെത്തിയിട്ടും തുടർനടപടി ഉണ്ടാകാത്തതിനെതിരെ കഴിഞ്ഞദിവസം ചേർന്ന താലൂക്ക് വികസന സമിതിയിൽ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം നാല് പേർക്ക് നോട്ടീസ് നൽകിയത്.
കോട്ടത്തോട്ടിലേക്ക് കക്കൂസ് മാലിന്യവും ചപ്പുചവറുകളും തള്ളുന്നത് പതിവാണ്. ദുർഗന്ധംമൂലം തോടിന് സമീപത്തുകൂടി മൂക്കുപൊത്താതെ നടക്കാൻ കഴിയില്ല. തോട് അച്ചൻകോവിലാറ്റിൽ പതിക്കുന്നതിനു സമീപത്തുനിന്നാണ് നഗരത്തിലും സമീപങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ പമ്പ്ഹൗസ് സ്ഥിതിചെയ്യുന്നത്.
തോട്ടിലേക്ക് സ്ഥാപിച്ച മാലിന്യക്കുഴലുകൾ കണ്ടെത്താൻ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് പരിശോധന നടത്തിയിരുന്നു.
നഗരസഭയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, മൈനർ ഇറിഗേഷൻ, റവന്യൂ, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ മാലിന്യം വലിച്ചെറിയുന്നതും വ്യാപകമായ കൈയേറ്റവും കണ്ടെത്തിയിരുന്നു. വ്യാപാര സ്ഥാപനങ്ങളുടെ പിൻവശത്തുകൂടി കക്കൂസ് മാലിന്യം കുഴലിലൂടെ തോട്ടിലേക്ക് ഒഴുക്കുന്നത് പരിശോധനക്കെത്തിയവർ നേരിൽ കണ്ടതാണെങ്കിലും നടപടി ഉണ്ടായില്ല.
റോഡിനു കുറുകെ പൈപ്പ് സ്ഥാപിച്ചു തോട്ടിലേക്ക് മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾ, അർധരാത്രിയിൽ മോട്ടോർ വെച്ച് മലിനജലം സമീപത്തെ ഓടയിലേക്കും തോട്ടിലേക്കും പമ്പ് ചെയ്തു വിടുന്നവർ എന്നിവരെ സംബന്ധിച്ചും നാട്ടുകാർ പരിശോധന സമയത്ത് പരാതി ഉന്നയിച്ചിരുന്നു.
ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ കൂടുതൽ പരിശോധന നടത്താനും തോട്ടിലെ കൈയേറ്റം കണ്ടെത്താൻ സർവേ സംഘത്തെ നിയോഗിക്കാനും തീരുമാനം എടുത്തെങ്കിലും നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.