കുടിവെള്ളത്തിന് നെട്ടോട്ടം; യാഥാർഥ്യമാകാതെ കുറത്തികാട് കുടിവെള്ള പദ്ധതി
text_fieldsമാവേലിക്കര: വേനൽ കനത്തു, കുടിവെള്ളം കിട്ടാക്കനിയായിട്ടും നാടിന്റെ പ്രതീക്ഷയായിരുന്ന കുറത്തികാട് കുടിവെള്ള പദ്ധതി യാഥാർഥ്യമായില്ല.
മൂന്നു പതിറ്റാണ്ടായി കാത്തിരിക്കുന്ന പദ്ധതി വേനലിന് മുമ്പ് യാഥാർഥ്യമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ഭരണിക്കാവ്, തെക്കേക്കര, വള്ളികുന്നം, കൃഷ്ണപുരം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള കുറത്തികാട് കുടിവെള്ള പദ്ധതി ജൽ ജീവൻ മിഷൻ വഴി 46 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട്ടും വള്ളികുന്നം പഞ്ചായത്തിലെ പടയണിവട്ടത്തും ഭരണിക്കാവ്, കൃഷ്ണപുരം പഞ്ചായത്തുകൾക്കായി കുന്നിൽമുക്കിലും സ്ഥാപിച്ച ജലസംഭരണികളിലേക്ക് റെയിൽവേ ട്രാക്ക് കടന്ന് പൈപ്പിട്ടാണ് വെള്ളമെത്തിക്കേണ്ടത്.
ഇതിനായി റെയിൽവേ ലൈനിന് കുറുകെ 30 മീറ്റർ നീളത്തിൽ സ്റ്റീൽ മേൽപാലം നിർമിക്കാൻ റെയിൽവേയുടെ അനുമതി ലഭിച്ചിരുന്നു. റെയിൽവേ ലൈനിൽനിന്ന് എട്ടുമീറ്റർ ഉയരത്തിൽ സ്റ്റീൽ മേൽപാലം സ്ഥാപിക്കുന്നതരത്തിലുള്ള രൂപരേഖക്കാണ് അനുമതി ലഭിച്ചത്. പത്തുമീറ്റർ വീതം നീളമുള്ള മൂന്നുഭാഗങ്ങൾ തയാറാക്കി ക്രെയിനിന്റെ സഹായത്തോടെ കൂട്ടിയോജിപ്പിക്കുകയാണു ലക്ഷ്യം. സ്റ്റീൽ മേൽപാലത്തിന്റെ നിർമാണ ജോലികൾ പൂർത്തീകരിച്ച് മാവേലിക്കരയിൽ എത്തിച്ചിട്ട് ഒമ്പതു മാസമായി.
റെയിൽവേ ലൈനിന് കുറുകെ സ്റ്റീൽ പൈപ്പ് ഘടിപ്പിക്കാനും അടിത്തറ നിർമാണത്തിനും ട്രാക്കിന് സമീപത്തുകൂടിയുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും നിശ്ചിതസമയം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെക്കുകയും ചെയ്യേണ്ടിവരും. ഇതിനുള്ള അന്തിമ അനുമതി വൈകുന്നതാണ് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിനു തടസ്സമാകുന്നത്.
പദ്ധതി ചെലവ് ഒരുകോടി
മേൽപാലത്തിന്റെ നിർമാണത്തിനും റെയിൽവേക്ക് അടക്കേണ്ട തുകയും ചേർത്ത് ഒരുകോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. റെയിൽവേ ലൈനിന് ഇരുവശവും ഇതിനകം തൂണുകൾ സ്ഥാപിച്ചു. മേൽപാല നിർമാണം 43.79 ലക്ഷം രൂപക്കാണ് ജലഅതോറിറ്റി ടെൻഡർ ചെയ്തത്. അനുമതി ലഭിച്ചശേഷം 2022ൽ ജല അതോറിറ്റി അധികൃതർ റെയിൽവേ ഡിവിഷനൽ എൻജിനീയറുടെ ഓഫിസിൽ 25.38 ലക്ഷം രൂപ അടച്ചിരുന്നു. മേൽപാലം നിർമിക്കാൻ റെയിൽവേയുടെ അനുമതി ലഭിക്കാൻ ജലഅതോറിറ്റി അധികൃതർ ദക്ഷിണ റെയിൽവേക്ക് ഇതിനകം നിരവധി തവണ കത്തുനൽകി. അനുമതി ലഭിച്ചാൽ റെയിൽവേക്കുള്ള നഷ്ടപരിഹാരത്തുക അടക്കണം. ഇതോടെ സ്റ്റീൽ മേൽപാലം നിർമാണത്തിനുള്ള തടസ്സം പൂർണമായി മാറും. പദ്ധതി പൂർത്തിയാകുന്നതോടെ തെക്കേക്കര പഞ്ചായത്തിൽ 7500 കണക്ഷൻകൂടി നൽകാനാകുമെന്നാണ് പ്രതീക്ഷ. മറ്റ് പഞ്ചായത്തുകളിലും ഗാർഹിക കണക്ഷനുകളുടെ എണ്ണം കൂട്ടാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.