വയോധികയെ ആക്രമിച്ച് മാല കവര്‍ന്നയാള്‍ അറസ്റ്റില്‍
text_fieldsമാവേലിക്കര: കണ്ടിയൂരില്‍ വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി അറസ്റ്റിലായി. കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കതില്‍ സജിത്കുമാറിനെയാണ് (34) മാവേലിക്കര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഫെബ്രുവരി 17-ന് കണ്ടിയൂര്‍ ചന്തക്ക് സമീപം വെച്ചായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്ന കണ്ടിയൂര്‍ പടിഞ്ഞാറേതോപ്പില് രമണിയെ (60) പിന്തുടര്ന്ന് ആക്രമിച്ചാണ് മാല പൊട്ടിച്ചെടുത്തത്.
ഹെല്‍മറ്റ് ധരിച്ചിരുന്ന പ്രതിയെയും വാഹനത്തെയും സംബന്ധിച്ച അടയാളങ്ങള്‍ ശേഖരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് തടിച്ച ശരീര പ്രകൃതമുള്ളയാള്‍ ചുവന്ന ടി.വി.എസ്. ബൈക്കിലാണ് കവര്‍ച്ചക്കെത്തിയതെന്ന് സൂചന കിട്ടി. മാവേലിക്കര ഇന്‍സ്പെക്ടര്‍ ജി.പ്രൈജുവിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം നൂറോളം സി.സി.ടി.വി. കാമറകള്‍ പരിശോധിച്ചു. ഇതിനിടെ ഫെബ്രുവരി 27-ന് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിെൻറ തെക്കേനടയില്‍ സംശയാസ്പദമായി കണ്ട പ്രതിയെ അന്വേഷണ സംഘാംഗമായ എസ്.ഐ ടി.ആര്. ഗോപാലകൃഷ്ണന് തടഞ്ഞു നിർത്തി ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. സമാന കവര്‍ച്ച കേസുകളില്‍ അടുത്തിടെ ജയില്‍ മോചിതരായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ജയിലില്‍നിന്നും ഇറങ്ങിയശേഷം വീടുമായി ബന്ധമില്ലാതെ വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്ന പ്രതിയെ ഷാഡോ സംഘത്തിെൻറ ഒരു മാസത്തിലധികം നീണ്ട തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസം ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപം െവച്ച് പിടികൂടുകയായിരുന്നു. കായംകുളം, കരുനാഗപള്ളെി, ചവറ, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ്, പന്തളം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയതാണ്.
ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിലെ ബൈക്ക് മോഷണവും കരുനാഗപ്പള്ളി, പന്തളം എന്നിവിടങ്ങളിലെ മൊബൈല്‍ ഫോണ്‍ മോഷണവും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണം പരിചയക്കാരന് മുഖേന കായംകുളത്തുള്ള സഹകരണ ബാങ്കില്‍ പണയം െവച്ചിരുന്നത് കണ്ടെടുത്തിട്ടുണ്ട്. ഹരിപ്പാടുനിന്ന് മോഷ്ടിച്ച് ചെന്നിത്തലയില്‍ വിറ്റ ബൈക്കും കണ്ടെടുത്തു. മാവേലിക്കര ഇന്‍സ്പെക്ടര്‍ ജി.പ്രൈജുവിെൻറ നേതൃത്വത്തില്‍ എസ്.ഐ.മാരായ പി.എസ്.ബാബു, ആര്.പ്രതിഭ നായര്‍, ടി.ആര്. ഗോപാലകൃഷ്ണന്, സീനിയര്‍ സി.പി.ഒ. മാരായ സിനു വര്‍ഗീസ്, ജി. ഉണ്ണികൃഷ്ണപിള്ള, സി.പി.ഒ.മാരായ മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്കര്‍, വി.വി. ഗിരീഷ് ലാല്‍, ജി.ഗോപകുമാര്‍, കെ.അല്അമീന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.