പിടിയിലായ മോഷണക്കേസ് പ്രതി റിമാൻഡിൽ; ഇരുപതോളം കേസ് തെളിഞ്ഞെന്ന് പൊലീസ്
text_fieldsമാവേലിക്കര: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവരവെ പിടിയിലായ മോഷ്ടാവിനെ കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴ തിരുമല വാർഡ് മുക്കോലക്കൽ മുക്കത്ത് വീട്ടിൽ ലാൽ ജോസഫാണ് (ലാലിച്ചൻ -60) കഴിഞ്ഞ ദിവസം മാവേലിക്കര പൊലീസിെൻറ പിടിയിലായത്.മാവേലിക്കര കൊറ്റാർകാവ്, പുതിയകാവ്, റെയിൽവേ സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിലെ വീടുകളിൽ വാതിൽ കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു.
രണ്ടാഴ്ച മുമ്പ് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു തെക്ക് ദളവാപുറം റോഡിൽ ചാർട്ടേഡ് അക്കൗണ്ടൻറ് മുരളികൃഷ്ണെൻറ വീട്ടിൽ മോഷണം നടന്നു. ഇവിടെനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളാണ് മോഷ്ടാവിനെ കുടുക്കിയത്. ഇയാൾ ട്രെയിനിൽ മാവേലിക്കരയിൽ എത്തി മോഷണം നടത്തിയ ശേഷം പുലർച്ചയുള്ള ട്രെയിനിൽ തിരികെ പോകുന്നതായി മനസ്സിലാക്കിയിരുന്നു.തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പൊലീസ് രഹസ്യ നിരീക്ഷണം ഏർപ്പെടുത്തി. 28ന് മോഷണത്തിന് ട്രെയിനിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
2019 ഡിസംബറിൽ കൊറ്റാർകാവ് ഭാഗത്ത് വീടിെൻറ മുൻവാതിൽ കുത്തിത്തുറന്ന് 23 പവൻ മോഷണം നടത്തിയതുൾപ്പെടെ ഇരുപതോളം കേസുകൾ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരുവല്ലയിൽ ഹൗസിങ് കോളനിയിലെ വീട്ടിൽനിന്ന് പണം കവർന്നതായും, മോഷ്ടിച്ചു കിട്ടുന്ന സ്വർണ ഉരുപ്പടികൾ ചേർത്തലയിെല ജ്വല്ലറിയിൽ വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.
2011ൽ കോട്ടയം മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിൽ പിൻവാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. തടിക്കച്ചവടവും പഴയ വീടുകൾ പൊളിച്ചു വിൽക്കുന്ന ജോലിയുമായി കഴിഞ്ഞുവരുമ്പോൾ സാമ്പത്തികമായി ഞെരുക്കം ഉണ്ടാകുന്ന സന്ദർഭങ്ങളിലാണ് മോഷണത്തിനിറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനായ ഇയാൾ മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപിച്ചും ധൂർത്തടിച്ചും െചലവാക്കുകയായിരുന്നു.
മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്ത്, എസ്.ഐ മൊഹ്സീൻ മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണ പിള്ള, സി.പി.ഒമാരായ മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, വി.വി. ഗിരീഷ് ലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.