മാവേലിക്കര താലൂക്ക് സഹ.ബാങ്ക് തട്ടിപ്പ് 60 കോടിക്ക് മുകളിൽ
text_fieldsമാവേലിക്കര: മാവേലിക്കര താലൂക്ക് സഹ.ബാങ്ക് തട്ടിപ്പ് 60 കോടിക്ക് മുകളിലെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. നിരവധി പേർ തട്ടിപ്പിന് ഇരയായ സംഭവത്തിൽ ഏഴോളം പേർക്കാണ് ജീവൻ നഷ്ടമായത്. 2016 ഡിസംബറിലാണ് കോണ്‍ഗ്രസ് ഭരണ സമിതി നേതൃത്വത്തിലുള്ള മാവേലിക്കര താലൂക്ക് സഹ. ബാങ്കിന്റെ തഴക്കര ശാഖയില്‍ തട്ടിപ്പ് കണ്ടെത്തിയത്. 38 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആദ്യഘട്ടത്തില്‍ കണക്കാക്കപ്പെട്ടത്.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ 60 കോടിക്ക് മുകളിലേക്ക് അത് ഉയർന്നുവെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കുന്നു. വ്യാജ വായ്പകളും ഉരുപ്പടികളില്ലാതെ സ്വർണ വായ്പയും ഒക്കെയായിട്ടായിരുന്നു തട്ടിപ്പ്. തഴക്കര ശാഖയിലെ മാനേജര്‍, ശാഖയിലെ രണ്ടു ജീവനക്കാര്‍, ബാങ്കിന്റെ അന്നത്തെ സെക്രട്ടറി, അന്നത്തെ ഭരണ സമിതി പ്രസിഡന്റ് എന്നിവരായിരുന്നു കേസിലെ പ്രധാന പ്രതികള്‍. 2017 മാര്‍ച്ചില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇതിനോടകം ഏഴ് ഡിവൈ.എസ്.പിമാര്‍ കേസ് അന്വേഷിച്ചു.
കേസില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഹൈകോടതിയെ സമീപിച്ചപ്പോള്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു. എന്നാല്‍, ഫോറന്‍സിക് പരിശോധനയടക്കം അന്വേഷണത്തിനായി കൂടുതല്‍ സമയം ആവശ്യമാണെന്ന് ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടത്. നിക്ഷേപകർ വീണ്ടും കോടതിയെ സമീപിച്ചതോടെ 2021ൽ ഇ.ഡി അന്വഷണം ഏറ്റെടുത്തു.
നിക്ഷേപ കൂട്ടായ്മ കൺവീനർ ബി. ജയകുമാറിനെ ഇ.ഡി ഓഫിസിൽ വിളിപ്പിച്ച് മണിക്കൂറുകൾ നീണ്ട മൊഴിയെടുത്തു. ഇ.ഡി അന്വേഷണവും മുന്നോട്ട് പോയില്ല. ഇ.ഡി അന്വേഷണം ഒമ്പതു മാസത്തിനകം പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. സമയപരിധി അവസാനിക്കാൻ രണ്ടു മാസം മാത്രം ശേഷിക്കെ ഇ.ഡി അന്വേഷണത്തിലും തുടർനടപടികൾ നിലച്ച മട്ടാണ്.
നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ സമരങ്ങള്‍ ആരംഭിച്ചു. പുതിയ ഭരണ സമിതി വന്നിട്ടും നിക്ഷേപകരുടെ പണം തിരികെ ലഭിക്കാതെയായപ്പോള്‍ ബാങ്ക് ഹെഡ് ഓഫിസിനു മുന്നില്‍ തുടര്‍സമരങ്ങളായി. നടപടി ഒന്നുമാകാത്തതിനെ തുടർന്ന് നിക്ഷേപകര്‍ സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തി. നിക്ഷേപകരുടെ സമ്മർദത്തെ തുടര്‍ന്ന് സഹകരണ വകുപ്പ് കണ്‍സോർട്യം രൂപവത്കരിച്ചു. ഇതിലും തുടര്‍നടപടിയായില്ല.
മൃതപ്രാണരായി രോഗശയ്യയില്‍ മരുന്നിനുപോലും വകയില്ലാതെ കഴിയുന്നവര്‍ ഇന്നും നിരവധി പേരാണ്. 65 വയസ്സ് പിന്നിട്ടവരാണ് നിക്ഷേപകരില്‍ 60 ശതമാനത്തിന് മുകളിലും. 1000 രൂപപോലും മരുന്നിന് കൊടുക്കാനില്ല എന്ന് പറയുന്ന ബാങ്ക് കഴിഞ്ഞ മാര്‍ച്ചില്‍ ജീവനക്കാരുടെ മുന്‍കാല ആനുകൂല്യങ്ങള്‍ക്കായി രണ്ടു കോടി ജീവനക്കാരുടെ എസ്.ബി അക്കൗണ്ടിലേക്ക് മാറ്റിയത് വിവാദമായിരുന്നു.
അറുനൂറോളം നിക്ഷേപകരാണ് തഴക്കര ശാഖയിലെ സാമ്പത്തിക ക്രമക്കേടുകൾ മൂലം അനാഥരായത്. ബാങ്ക് ഗഡുക്കളായി പണം നൽകിയതുമൂലം അഞ്ചു ലക്ഷം രൂപ വരെയുള്ള തുക നിക്ഷേപിച്ച ചിലർക്ക് പണം തിരിച്ചു കിട്ടി. എന്നാൽ, നാനൂറിലധികം പേർ ഇപ്പോഴും മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ പ്രതീക്ഷയർപ്പിപ്പ് നിക്ഷേപത്തുക തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാൻ ഒരുങ്ങുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.