മാവേലിക്കര താലൂക്ക് സഹ. ബാങ്ക് തട്ടിപ്പ്; ഇ.ഡി അന്വേഷണം ശക്തമാക്കുന്നു
text_fieldsമാവേലിക്കര: താലൂക്ക് സഹ. ബാങ്കിന്റെ തഴക്കര ശാഖയിലുണ്ടായ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന അന്വേഷണം ബാങ്കിനു പുറത്തേക്കും ശക്തമാക്കുന്നു. ബാങ്കിന്റെ തഴക്കര ശാഖ മാനേജർ ജ്യോതി മധു, ഏഴു ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മൊഴി ഇ.ഡി ഇതിനകം രേഖപ്പെടുത്തി.
ഭരണസമിതി അംഗങ്ങളായ പി. മോഹൻ, പി.കെ. മഹേന്ദ്രൻ, കുഞ്ഞുമോൾ രാജു, അംബികാദേവി, അഭിലാഷ് തൂമ്പിനാത്ത്, മുൻ പ്രസിഡന്റ് കൂടിയായ കുര്യൻ പള്ളത്ത്, സുജ ജോഷ്വ എന്നിവരെയാണ് ഇ.ഡി. ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രത്യേകമായ ചോദ്യാവലി നൽകി കഴിഞ്ഞ ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തിയത്.
പലരുടെയും മൊഴിയെടുക്കൽ പൂർത്തിയാക്കാനാകാത്തതിനാൽ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണു സൂചന. ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടിൽ ബലിയാടാക്കരുതെന്ന് മുൻ ഭരണസമിതി അംഗങ്ങൾ ഇ.ഡിയോട് അഭ്യർഥിച്ചതായി പറയുന്നു.
അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്ന കാലയളവിൽ ചിലരുടെ വലിയനിക്ഷേപം തിരികെ നൽകിയെന്നും ചില സഹ.വകുപ്പ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ പേരിലുണ്ടായിരുന്ന നിക്ഷേപവും ഇക്കൂട്ടത്തിൽ പിൻവലിച്ചതായും മുൻ ഭരണസമിതി അംഗങ്ങളിൽ ചിലർ മൊഴിനൽകിയിട്ടുണ്ട്. എന്നാൽ, അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ മാവേലിക്കരയിലെ വിവിധ ഭാഗങ്ങളിലെത്തി വിവരശേഖരണം നടത്തിയിരുന്നു. ബാങ്കിൽ ക്രമക്കേടുനടന്ന കാലയളവിൽ അതിനു കൂട്ടുനിന്നതായി സംശയമുള്ള സഹകരണ വകുപ്പ് ജീവനക്കാരുടെ വിശദാംശങ്ങൾ ഇ.ഡിയുടെ അന്വേഷണപരിധിയിലുണ്ട്.
വൻതുക സ്ഥിരനിക്ഷേപം നടത്തിയവരെ ബാങ്ക് അധികൃതർക്കു പരിചയപ്പെടുത്തിയവർക്ക് കമീഷൻ നൽകിയിരുന്നതായും പലരും ഈ പണം ബാങ്കിൽത്തന്നെ സ്ഥിരനിക്ഷേപം നടത്തിയിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
സംശയാസ്പദമായ ഇടപാടുനടന്ന ചില അക്കൗണ്ടുകളുടെ കൂടുതൽ വിവരങ്ങളും ഇ.ഡി ശേഖരിക്കുന്നുണ്ട്.
2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.