മാവേലിക്കര റെയിൽവേ മേൽപാലം; പ്രതീക്ഷയുടെ ചൂളംവിളി അകലെ...
text_fieldsമേൽപാലം വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. മാവേലിക്കര ബുദ്ധ ജങ്ഷൻ കല്ലുമല റോഡിലുള്ള റെയിൽവേ ക്രോസിൽ വാഹനങ്ങളും യാത്രക്കാരും ഏറെ നേരം കുടുങ്ങിക്കിടക്കുന്നത് പതിവുകാഴ്ചയാണ്. ഇതിന് പരിഹാരമായാണ് മേൽപാലം നിർമിക്കണമെന്ന ആവശ്യം ശക്തമായതും നടപടികൾക്ക് തുടക്കമായതും. എന്നാൽ, മേൽപാലം നിർമാണത്തിന് ആവശ്യമായ തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന റെയിൽവേ അധികൃതരുടെ നിലപാട് തടസ്സമായി. ഒടുവിൽ 2018-19ലെ സംസ്ഥാന ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തി.
2017-18ലെ റെയിൽവേ വർക്ക് പ്രോഗ്രാമിൽ 42 മേൽപാലങ്ങൾ ഉൾപ്പെടുത്തിയതിൽ മാവേലിക്കരയെയും ഉൾപ്പെടുത്തി. മുൻ എം.എൽ.എ ആർ. രാജേഷിെൻറ ശിപാർശയിൽ അന്നത്തെ റെയിൽവേയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി ജി. സുധാകരനാണ് സംസ്ഥാന പട്ടികയിൽ മാവേലിക്കര മേൽപാലം ഉൾപ്പെടുത്തിയത്. തുക എത്രയെന്ന് തിട്ടപ്പെടുത്താനുള്ള എസ്റ്റിമേറ്റ് തയാറാക്കലും ഭരണാനുമതിക്ക് ആവശ്യമായ നടപടി സ്വീകരിക്കലും 2019 ഏപ്രിലിൽ തുടങ്ങിയിരുന്നു. പാലത്തിന് ഇരുവശവും പാത നിർമിക്കുന്നതിനും ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുമായി 38.22 കോടിയാണ് കഴിഞ്ഞവർഷം ജൂലൈയിൽ സംസ്ഥാന സർക്കാർ അനുവദിച്ചത്. റെയിൽവേ ട്രാക്കിന് കുറുകെ മേൽപാലം റെയിൽവേയാണ് നിർമിക്കേണ്ടത്.
പദ്ധതിയുടെ പ്രാഥമിക അനുമതി രണ്ടുവർഷം മുമ്പ് ലഭിച്ചതാണ്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷൻ തയാറാക്കിയ പദ്ധതിരേഖക്കാണ് കിഫ്ബി ഗവേണിങ് ബോഡി അനുമതി നൽകിയത്. റെയിൽവേയുടെ പ്രാഥമിക അനുമതി ലഭിച്ച പദ്ധതി അന്തിമാനുമതിക്കായി സമർപ്പിച്ചിരുന്നു. ഇതിൽ റെയിൽവേ അധികാരികൾ നിർദേശിച്ച ഭേദഗതികളോടെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ പുതിയ രൂപരേഖ സമർപ്പിച്ചെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചില്ല. അനുമതി ലഭിച്ചാൽ മാത്രമേ ഭൂമി ഏറ്റെടുക്കലും ടെൻഡർ നടപടിയും ആരംഭിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.