മാവേലിക്കര സയന്‍സ് പാര്‍ക്ക് യാഥാര്‍ഥ്യത്തിലേക്ക്
text_fieldsമാവേലിക്കര: ടി.കെ. മാധവൻ സ്മാരക മാവേലിക്കര നഗരസഭ പാർക്കിൽ സംസ്ഥാന സർക്കാറിന്റെ സയൻസ് പാർക്കും ഇന്നൊവേഷൻ ഹബും യാഥാർഥ്യത്തിലേക്ക്. എം.എസ്. അരുൺകുമാർ എം.എൽ.എ ബജറ്റ് നിർദേശമായി സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെ എം.എൽ.എയുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടു നീങ്ങുകയായിരുന്നു.
പദ്ധതി നടപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ നഗരസഭക്ക് കത്തു നൽകിയിരുന്നു. തുടർന്ന് പദ്ധതിയുടെ വിശദമായ രേഖ തയാറാക്കാനും നിർവഹണ മേൽനോട്ടം വഹിക്കാൻ സ്പെഷൽ പർപ്പസ് വെഹിക്കിളായി കേരള സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തെ ചുമതലപ്പെടുത്താനും പദ്ധതി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയിൽ നിലനിർത്തി നിർമാണത്തിന് പ്രാഥമികാനുമതി നൽകാനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.
വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് കോടി അനുവദിച്ചു. തുടർന്നുള്ള ഘട്ടങ്ങളിലും തുക അനുവദിക്കും. പദ്ധതി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തെ ശാസ്ത്ര-വിനോദ ഉദ്യാനങ്ങളിൽ എട്ടാമത്തേതാവും.
നഗരസഭയുടെ അധീനതയിലുള്ള ടി.കെ. മാധവൻ സ്മാരക നഗരസഭ പാർക്ക് അടക്കമുള്ള ഒരേക്കർ എഴുപത് സെന്റ് ഭൂമിയാണ് പദ്ധതിക്കായി ആലോചിക്കുന്നത്. ഉദ്യാനത്തിൽ വിനോദത്തിനും ശാസ്ത്ര വിനോദത്തിനുമുള്ള പാർക്ക്, രാത്രിയും പകലും വാനനിരീക്ഷണം നടത്താനുള്ള സംവിധാനം, കുട്ടികൾക്ക് മിനി ഡിജിറ്റൽ തിയറ്റർ, ഇർഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെ സമഗ്രമായ ഡിജിറ്റൽ ലൈബ്രറി, മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക്, മാവേലിക്കരയുടെ ചരിത്രത്തിലേക്ക് തുറക്കുന്ന ഗാലറി, മിനി കോൺഫറൻസ് ഹാൾ എന്നിവയുണ്ടാവും. ഭൗതിക രസതന്ത്ര വിഷയങ്ങൾ വിദ്യാർഥികൾക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന നിലയിലാവും ഉദ്യാനത്തിന്റെ നിർമാണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകളും ഉപയോഗപ്പെടുത്തും. ജില്ലയിൽ ആദ്യമായാണ് ശാസ്ത്ര ഉദ്യാനം വരുന്നത്. ജില്ലയിലെ മാത്രമല്ല, സമീപ ജില്ലകളിലും വിദൂര സ്ഥലങ്ങളിലുമുള്ള വിദ്യാർഥികൾക്കും പഠന-വിനോദ യാത്രകൾക്കുള്ള കേന്ദ്രങ്ങളിലൊന്നായി മാവേലിക്കര മാറും. വരുംതലമുറയെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റുംവിധം സമഗ്രമായ പഠനത്തിനുള്ള കേന്ദ്രമായി സ്ഥാപനത്തെ വളർത്തിയെടുക്കുമെന്ന് എം.എൽ.എ പറഞ്ഞു.
പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ആലോചന യോഗത്തിൽ എം.എസ്. അരുൺകുമാർ എം.എൽ.എ, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ഡയറക്ടർ എസ്.എസ്. സോജു, നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ, ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരംസമിതി അധ്യക്ഷരായ അനി വർഗീസ്, എസ്. രാജേഷ്, ഉമയമ്മ വിജയകുമാർ, സജീവ് പ്രായിക്കര, ശാന്തി അജയൻ, ഡി. തുളസീദാസ്, നഗരസഭ സെക്രട്ടറി മേഘ മേരി കോശി, മുനിസിപ്പൽ എർജിനീയർ സിന്ധു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.