ദുരിതവഴികൾ താണ്ടിയ യുവനേതാവിൻെറ വിജയം മധുരതരം
text_fieldsമാവേലിക്കര: ദുരിതവഴികൾ താണ്ടിയ യുവനേതാവിെൻറ വിജയം മധുരതരം. ജീവിത പ്രാരാബ്ദങ്ങളിൽനിന്ന് തീയിൽ കുരുത്ത കരുത്തുമായാണ് എം.എസ്. അരുൺകുമാർ മാവേലിക്കരയിൽനിന്ന് നിയമസഭയിൽ എത്തുന്നത്. തഴക്കര കല്ലിമേൽ മന്നത്തുപാട്ട് കൂലിപ്പണിക്കാരനായിരുന്ന പരേതനായ സുന്ദരദാസിെൻറയും വിലാസിനിയുടെയും മകനാണ് അരുൺകുമാർ.
ഏറെ ദുരിതപൂർണമായിരുന്നു കുട്ടിക്കാലം. കൂലിപ്പണിക്കാരനായിരുന്ന അച്ഛെൻറ തുച്ഛവരുമാനത്താൽ ഏറെ ബുദ്ധിമുട്ടിലായിരുന്നു ജീവിതം. പലപ്പോഴും കുടുംബം പുലർത്താൻ കല്ലിമേൽ കല്ലുവളയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ കുഴിവെട്ടുകാരനായി. അച്ചൻകോവിലാറ്റിൽനിന്ന് മീൻപിടിച്ചുവിറ്റു.
അമ്മയെയും സഹോദരി അഞ്ജലിയെയും പട്ടിണിക്കിടാതെ, അമ്മക്കൊരു കൈത്താങ്ങാകാനായിരുന്നു ഇത്. തൊട്ടടുത്ത ശ്മശാനത്തിൽ ശവക്കുഴിവെട്ടാനും ചാണകം ചുമക്കാനും മൈക്കാട് പണിക്കും ഇലക്ട്രിക് പ്ലംബിങ് ജോലികൾക്കും പോയിത്തുടങ്ങി. ഒന്നാംക്ലാസോടെ എസ്.എസ്.എൽ.സിയും പ്ലസ്ടുവും പാസായ അരുൺ ബിരുദ പഠനത്തിനായി മാവേലിക്കര ബിഷപ് മൂർ കോളജിൽ ചേർന്നതോടെയാണ് വിദ്യാർഥി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഒന്നാംവർഷം ക്ലാസ് പ്രതിനിധിയായി. രണ്ടാംവർഷം കോളജ് ചെയർമാനുമായി. എസ്.എഫ്.ഐ മാവേലിക്കര ഏരിയ ആക്ടിങ് സെക്രട്ടറിയും സെക്രട്ടറിയുമായി. പിന്നീട്, ജില്ല ജോ. സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി.
പുറമ്പോക്കിൽ പട്ടയം അനുവദിച്ചുകിട്ടിയ സഹോദരിയുടെ വീട്ടിലാണ് താമസം. പമ്പ ജലസേചന പദ്ധതി കനാലിനരികിലൂടെ ഇരുചക്രവാഹനം മാത്രം കടന്നുപോകുന്ന റോഡിലൂടെ വേണം യാത്ര. ഡിഗ്രിക്കുശേഷം രാഷ്ട്രീയപ്രവർത്തനത്തിന് താൽക്കാലിക അവധിനൽകി പുകയില്ലാത്ത അടുപ്പുമായി കുറച്ചുനാൾ കഴിച്ചുകൂട്ടി. വൈകാതെ മുഴുവൻസമയ പാർട്ടി പ്രവർത്തകനായി. ഡി.വൈ.എഫ്.ഐ ജില്ല ട്രഷററായി പ്രവർത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഥാനാർഥി പ്രഖ്യാപനം.
മാവേലിക്കര ബിഷപ് മൂർ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടിയ അരുൺകുമാർ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, യുവജന കമീഷൻ ജില്ല കോഓഡിനേറ്റർ, സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി അംഗം, എസ്.എഫ്.ഐ മാവേലിക്കര ഏരിയ സെക്രട്ടറി, ജില്ല ജോയൻറ് സെക്രട്ടറി, പ്രസിഡൻറ്, യൂനിറ്റ് സെക്രട്ടറി, തഴക്കര മേഖല പ്രസിഡൻറ്, മാവേലിക്കര ബ്ലോക്ക് സെക്രട്ടറി, ജില്ല ട്രഷറർ, സി.പി.എം തഴക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഫിഷറീസ് സർവകലാശാല സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നടന്ന നിരവധി സമരങ്ങിൽ മുൻനിരപ്പോരാളിയായിരുന്നു. നിയമവിദ്യാർഥി കൂടിയാണ്. പാർട്ടി പ്രവർത്തകയായ സ്നേഹയുമായുള്ള പ്രണയം 2018ൽ വിവാഹത്തിലെത്തി. ഭാര്യ എം.ബി.എക്കാരിയാണ്. മകൾ അലൈഡ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.