കാർ ചളിവെള്ളം തെറിപ്പിച്ചതിന് കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം
text_fieldsമാവേലിക്കര: കാർ ചളി വെള്ളം തെറിപ്പിച്ച സംഭവം കൊലപാതകത്തിൽ കലാശിച്ച കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഒന്നാം പ്രതി താമരക്കുളം കാഞ്ഞിത്തറ തെക്കേതിൽ സെനിൽ എന്ന സൈനിൽ രാജിനെയും രണ്ടാം പ്രതി താമരക്കുളം അനിൽ ഭവനത്തിൽ കിണ്ടാൻ എന്ന അനിലിനെയുമാണ് മാവേലിക്കര സെഷൻസ് ഒന്നാം ജഡ്ജി വി.ജി. ശ്രീദേവി ജീവപര്യന്തം ശിക്ഷിച്ചത്.
കേസിലെ മൂന്നാം പ്രതി മരണപ്പെട്ടിരുന്നു. നാല് മുതൽ ഏഴ് വരെ പ്രതികളെ വെറുതെ വിട്ടു. 2007 ആഗസ്റ്റ് 27 ന് തിരുവോണ ദിവസം രാത്രി 9.30 നോടെ മോട്ടോർ സൈക്കിളിൽ തെൻറ വീട്ടിലേക്ക് വരുകയായിരുന്ന താമരക്കുളം വൈശാഖ് വീട്ടിൽ വേണുഗോപാലാണ് ( 51) പ്രതികളുടെ ആക്രമണത്തെതുടർന്ന് മരണപ്പെട്ടത്.
സംഭവത്തിന് ഏതാനും ദിവസം മുമ്പ് വേണുഗോപാലും ഭാര്യ ഉഷയും കാറിൽ സഞ്ചരിക്കുമ്പോൾ ഒന്നാം പ്രതി സഞ്ചരിച്ച ഓട്ടോയിലേക്കും ദേഹത്തും റോഡിലെ ചെളി വെള്ളം തെറിച്ചു എന്നതാണ് വിരോധ കാരണം.
നൂറനാട് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ കേസ് സർക്കാർ ഉത്തരവ് പ്രകാരം ആലപ്പുഴ സി.ബി.സി.ഐ.ഡിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 36 സാക്ഷികളെയും, 47രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സീനിയർ അഭിഭാഷകൻ ജോസഫ് ജോൺ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.