നവകേരള സദസ്സ് വിവാദം; മാവേലിക്കര ഗവ. ബോയ്സിലെ ചുറ്റുമതിൽ നിര്‍മാണം തുടങ്ങി
text_fieldsമാവേലിക്കര: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവാദമുയർന്ന ഗവ. വൊക്കേഷനല്‍ ആന്‍ഡ് ബി.എച്ച്.എസ്.എസിന്റെ പുതിയ മതിലിന്റെ നിര്‍മാണത്തിന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ കല്ലിട്ടു.
മതിലിന്റെ തെക്കുഭാഗമാണ് ഡിസംബറില്‍ പൊളിച്ചത്. കിഴക്ക് ഭാഗത്തെ മതിലും കവാടവും കൂടി പൊളിച്ചുനീക്കി പുതിയ കവാടം ഉള്‍പ്പെടെയാണ് പുതിയ നിര്‍മാണം. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
224 വര്‍ഷം പഴക്കമുള്ള സ്കൂളിന്റെ ചുറ്റുമതില്‍ പൊളിച്ച് പുതിയത് നിര്‍മിക്കണമെന്നത് മാവേലിക്കരക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. നവകേരള സദസ്സ് നടക്കുന്ന വേദിയായിരുന്നു മാവേലിക്കര ഗവ. ബോയ്സ് ഹൈസ്കൂൾ.
മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന വാഹനം കയറുന്നതിന് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്. അരുൺകുമാർ എം.എൽ.എ അധികൃതർക്ക് കത്ത് നൽകിയിരുന്നു.
എന്നാൽ, നഗരസഭ ആവശ്യം തള്ളി. ഇതിനിടെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു. മതിൽ പൊളിഞ്ഞതല്ല സാമൂഹിക വിരുദ്ധർ പൊളിച്ചതാണെന്ന നിഗമനത്തിലായിരുന്നു നഗരസഭ കൗൺസിൽ.
പൊളിഞ്ഞ ഭാഗം കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനർനിർമിച്ചു. എന്നാൽ, അടുത്ത ദിവസം രാത്രി മതിൽ പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു. തുടർന്ന് കൗൺസിൽ യോഗം ചേർന്ന് നീക്കം ചെയ്ത മതിലിന്റെ ഭാഗത്ത് വേലി കെട്ടുമെന്ന് പ്രഖ്യാപിച്ച് യു.ഡി.എഫും രംഗത്തെത്തിയിരുന്നു. എന്നാൽ, പുതിയ മതിലും കവാടവും നിര്‍മിക്കുമെന്ന് അന്നു തന്നെ എം.എല്‍.എ മാവേലിക്കരയിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പാണ് ഒന്നര മാസത്തിനുള്ളില്‍ പാലിച്ചത്. മാവേലിക്കര ഗവ. ഗേള്‍സ് എച്ച്.എസ്.എസിന്റെ പഴയമതിലും പൊളിച്ച് നീക്കി പുതിയത് നിര്‍മിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഇന്ദിരാദാസ് അധ്യക്ഷത വഹിച്ചു. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, അഡ്വ. ജി. ഹരിശങ്കര്‍, ജി. രാജമ്മ, മുരളി തഴക്കര, ജി. അജയകുമാര്‍, ഡി. തുളസീദാസ്, ജേക്കബ്ബ് ഉമ്മന്‍, പുഷ്പസുരേഷ്, അഡ്വ. നവീന്‍ മാത്യു ഡേവിഡ്, കെ. രഘുപ്രസാദ്, ബോയ്സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പുഷ്പ രാമചന്ദ്രന്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ പാര്‍വതി മീര, പ്രഥമ അധ്യാപിക കെ. എസ്. ശ്രീലത, പൊതുമരാമത്ത് കെട്ടിടവിഭാഗം എ.എക്സ്.ഇ ലക്ഷ്മി എസ്. ചന്ദ്രന്, എ.ഇ മോണിക്ക ഫിലിപ്പോസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.