നവകേരള സദസ്സ് വേലികെട്ടൽ ശ്രമം പൊലീസ് തടഞ്ഞു; മാവേലിക്കര നഗരസഭ ചെയർമാനടക്കം കൗൺസിലർമാർ അറസ്റ്റിൽ
text_fieldsമാവേലിക്കര: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഗവ. ബോയ്സ് സ്കൂളിന്റെ മതിൽ പൊളിച്ച പശ്ചാത്തലത്തിൽ മൈതാനത്തിന് വേലികെട്ടാനുള്ള നഗരസഭ ചെയർമാൻ ഉൾപ്പടെയുള്ള കൗൺസിലർമാരുടെ നീക്കം പൊലീസ് തടഞ്ഞു. കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി.
കൗൺസിൽ തീരുമാനപ്രകാരം വേലി കെട്ടാനുള്ള കഴകളുമായി ബോയ്സ് സ്കൂൾ പരിസരത്തേക്ക് നീങ്ങിയ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാരെയും ചെയർമാനെയും ബുദ്ധ ജങ്ഷനിൽ ചെങ്ങന്നൂർ സി.ഐ വിപിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തടഞ്ഞു. കൗൺസിൽ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുന്നോട്ടുപോകാൻ ശ്രമിച്ച ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, ശാന്തി അജയൻ, എസ്. രാജേഷ്, സജീവ് പ്രായിക്കര, കൗൺസിലർമാരായ നൈനാൻ സി. കുറ്റിശ്ശേരിൽ, എച്ച്. മേഘനാഥ്, ജയശ്രീ അജയകുമാർ, ലളിത രവീന്ദ്രനാഥ്, ലത മുരുകൻ, കെ. ഗോപൻ, ഗോപൻ സർഗ, മനസ് രാജൻ, വിജയമ്മ ഉണ്ണികൃഷ്ണൻ, സബിത അജിത്ത്, സുജാതദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തകർന്ന മതിലിന് പകരം വേലി കെട്ടാൻ കോൺഗ്രസ്-ബി.ജെ.പി കൗൺസിലർമാർ എത്തിയാൽ തടയാനായി നൂറുകണക്കിന് സി.പി.എം പ്രവർത്തകരും സ്കൂളിൽ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ കണ്ടിജനന്റ് ജീവനക്കാരുടെ സഹായത്തോടെ വേലി കെട്ടാൻ ചെയർമാൻ നിർദ്ദേശം നൽകിയിരുന്നു. കണ്ടിജനന്റ് ജീവനക്കാരെ മറ്റുള്ള ജോലികൾക്ക് നിർബന്ധിക്കുന്നത് തൊഴിലാളി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാക്കൾ മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ സമരവുമായി രംഗത്തെത്തിയിരുന്നു.
നവകേരള സദസ്സ് നടക്കുന്ന വേദിയാണ് മാവേലിക്കര ഗവ. ബോയ്സ് ഹൈസ്കൂൾ. ഇവിടെ മതിൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന വാഹനം കയറുന്നതിന് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്. അരുൺകുമാർ എം.എൽ.എ അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നഗരസഭ ആവശ്യം തള്ളി. തുടർന്ന് ദുരന്തനിവാരണ സമിതി ചെയർമാനായ കലക്ടർ മതിൽ പൊളിച്ചു പുനർനിർമിക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ ഫണ്ടില്ലെന്ന് നഗരസഭ അറിയിച്ചു. ഇതിനിടെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു. മതിൽ പൊളിഞ്ഞതല്ല സാമൂഹിക വിരുദ്ധർ പൊളിച്ചതാണെന്ന നിഗമനത്തിലായിരുന്നു നഗരസഭ കൗൺസിൽ. പൊളിഞ്ഞ ഭാഗം കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനർനിർമിച്ചു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി മതിൽ പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു. തുടർന്ന് കൗൺസിൽ യോഗം ചേർന്ന് വ്യാഴാഴ്ച നീക്കം ചെയ്ത മതിലിന്റെ ഭാഗത്ത് വേലി കെട്ടുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം
ആലപ്പുഴ: ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തില്‍ ഗതാഗതനിയന്ത്രണം.
ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിലേക്ക് പോകുന്ന വൈ.എം.സി.എ വടക്കേ ജങ്ഷന്, ജില്ലകോടതി പാലം വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനപാർക്കിങ് അനുവദിക്കില്ല. ചടങ്ങ് അവസാനിക്കുന്നത് വരെ വൈ.എം.സി.എ വടക്കേ ജങ്ഷന് മുതല്‍ ജില്ലകോടതി പാലം വരെ വൺവേ സംവിധാനം ഒഴിവാക്കും.
വാഹനങ്ങള്‍ വൈ.എം.സി.എ തെക്കേ ജങ്ഷന്, ജില്ലകോടതി പാലം വഴി വടക്കോട്ട് പോകണം. ഉച്ചക്ക് 12 മുതല്‍ ഇരുമ്പ് പാലത്തിന് വടക്കുവശം മുതല്‍ പിച്ചു അയ്യര്‍ ജങ്ഷന് വരെ പാതയുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കുന്നതല്ല.
മുഹമ്മ ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ ജില്ലകോടതി പാലം കയറി വടക്കോട്ടും ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള വാഹനങ്ങള്‍ ടൗണില്‍ കയറാതെ ബൈപാസ് വഴിയും പോകണം. നവകേരള സദസ്സിന് മുഹമ്മ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ജില്ലകോടതി പാലം കയറി പടിഞ്ഞാറോട്ട് വന്ന് വൈ.എം.സി.എ ജങ്ഷന് പടിഞ്ഞാറുവശം പ്രവർത്തകരെ ഇറക്കി വാഹനം ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.
എറണാകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൊമ്മാടി ബൈപാസ് ജങ്ഷനില്‍ നിന്നും ഇടത്തോട്ടുതിരിഞ്ഞ് കൊമ്മാടി പാലം കയറി വലത്തേക്ക് തിരിഞ്ഞ് വഴിച്ചേരി പാലത്തിന് വടക്ക് വശം പ്രവർത്തകരെ ഇറക്കി വാഹനം ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.
കായംകുളം: നവകേരള സദസ്സ് നടക്കുന്ന ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. അടൂർ ഭാഗത്ത് നിന്നും കെ.പി റോഡിലൂടെ വരുന്ന എല്ലാ വാഹനങ്ങളും രണ്ടാംകുറ്റിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മുക്കട വഴി ദേശീയപാതയിൽ പ്രവേശിക്കണം.
ദേശീയപാതയിൽ നിന്നും കെ.പി റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങളും ഈ വഴിയാണ് പോകേണ്ടത്. കൂടാതെ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് മുതൽ പാർക്ക് ജങ്ഷൻ വരെയും സദസ്സ് നടക്കുന്ന എൽമെക്സ് ഗ്രൗണ്ടിന് തെക്ക് ഭാഗം മുതൽ മേടമുക്ക് വരെയും റോഡുകളിൽ ഇരുചക്ര വാഹനം ഉൾപ്പടെ പ്രവേശനം അനുവദിക്കില്ല.
നവകേരള സദസ്സ്: പ്രഭാത യോഗമുൾപ്പെടെ ഇന്ന് അഞ്ച് പരിപാടികൾ
ആലപ്പുഴ: നവകേരള സദസ്സിന്റെ ജില്ലയിലെ രണ്ടാം ദിനമായ വെളളിയാഴ്ച അഞ്ച് പരിപാടികൾ. രാവിലെ ഒമ്പതിന് കാമിലോട്ട് കൺവെൻഷൻ സെന്ററിൽ പ്രഭാത യോഗവും തുടർന്ന് വാർത്താസമ്മേളനവും നടക്കും. രാവിലെ 11ന് എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ ആലപ്പുഴ മണ്ഡലത്തിലെ സദസ്സ് നടക്കും.
വൈകീട്ട് മൂന്നിന് കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനത്താണ് അമ്പലപ്പുഴ മണ്ഡലത്തിലെ സദസ്സ്. 4:30ന് നെടുമുടി ഇന്ത്യൻ ഓയിൽ പമ്പിനുസമീപമുള്ള വേദിയിലാണ് കുട്ടനാട് നവ കേരള സദസ്സ്. ഹരിപ്പാട് മണ്ഡലത്തിലെ സദസ്സ് ഹരിപ്പാട് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് നാലിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.