നഴ്സിങ് അഡ്മിഷൻ തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsമാവേലിക്കര: ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളജിൽ ബി.എസ്സി നഴ്സിങ്ങിന് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാവേലിക്കര സ്വദേശിനിയിൽ നിന്ന് പണം തട്ടിയെടുത്ത രണ്ടുപേരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ കാളികാവിൽ പൂവത്തിക്കൽ വീട്ടിൽ ആഷിഖ് അഹമ്മദ് (29), തിരുവനന്തപുരം തിരുവല്ലം വില്ലേജിൽ നിരപ്പിൽഭാഗത്ത് കൃഷ്ണകൃപ വീട്ടിൽ എൽ.ബി. ബീന (42) എന്നിവരെയാണ് മാവേലിക്കര സി.ഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2022 ഡിസംബറിൽ ബി.എസ്സി നഴ്സിങ് അഡ്മിഷൻ ആവശ്യവുമായി മാവേലിക്കര സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ആഷിഖ് അഹമ്മദിനെ ബന്ധപ്പെട്ടു. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ േകാളജിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത ആഷിഖ് പെൺകുട്ടിയെയും പിതാവിനെയും ഒറ്റപ്പാലത്തെ കോളജിൽ വിളിച്ചുവരുത്തി കാമ്പസും ഹോസ്റ്റലും കാണിച്ചുകൊടുത്തു. തുടർന്ന്, കോളജ് സ്റ്റാഫ് എന്ന വ്യാജേന ബീന പെൺകുട്ടിയോട് സംസാരിച്ചു. കോളജിന്റെ ലോഗോ െവച്ച് ഇ-മെയിൽ അറിയിപ്പുകൾ ബീന പെൺകുട്ടിക്ക് അയച്ചു. അഡ്മിഷന് ഡൊണേഷൻ ആയി നൽകാനെന്ന് വിശ്വസിപ്പിച്ച് 5.31 ലക്ഷം രൂപ ആഷിഖും ബീനയും കൂടി പെൺകുട്ടിയുടെ പിതാവിൽനിന്ന് തട്ടിയെടുത്തു. മാസങ്ങൾ കഴിഞ്ഞിട്ടും അഡ്മിഷൻ ലഭിക്കാത്തതിനാൽ പെൺകുട്ടി കോളജിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് അവിടെ അഡ്മിഷൻ അവസാനിച്ച് ക്ലാസുകൾ തുടങ്ങി എന്ന് അറിയുന്നത്.
വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന്, ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. മാവേലിക്കര ഇൻസ്പെക്ടർ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞദിവസം വൈകീട്ട് ബീനയെയും ബുധനാഴ്ച പുലർച്ച മലപ്പുറം കാളികാവിൽനിന്ന് ആഷിഖിനെയും അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തൊട്ടാകെ ഇവർ ഉൾപ്പെടുന്ന സംഘം സമാന തട്ടിപ്പുകൾ നടത്തിയതായി സംശയിക്കുന്നു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ സി.പ്രഹ്ലാദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനു വർഗീസ്, പി.കെ. റിയാസ്, സിവിൽ പൊലീസ് ഓഫിസർ എസ്. സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.