അരിമണിയിൽ ശിൽപങ്ങളൊരുക്കി രാഹുൽ കൃഷ്ണൻ
text_fieldsമാവേലിക്കര: കൊച്ചു അരിമണിയിലൊതുങ്ങുന്ന വലിയ കഴിവിന്റെ പേരാണ് രാഹുൽ കൃഷ്ണൻ. ചെട്ടികുളങ്ങര ഈരേഴ തെക്ക് ലക്ഷം വീട്ടിൽ കൃഷ്ണാലയം രാഹുൽ കൃഷ്ണൻ (23) നിർമിക്കുന്ന ശിൽപത്തിെൻറ ഭംഗി ആസ്വദിക്കാൻ ലെൻസ് കൂടി വേണമെന്ന് മാത്രം. അരിമണി, ബ്ലേഡ് എന്നിവ ഉപയോഗിച്ച് ഒരുക്കുന്ന ശിൽപങ്ങൾ വ്യത്യസ്തമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ അശ്വതി ഉത്സവത്തിന് രാഹുൽ സമർപ്പിച്ചത് 0.6 മില്ലിമീറ്റർ ഉയരത്തിലുള്ള കുതിരയാണ്. സാധാരണ അരിയിൽ ബ്ലേഡ് ഉപയോഗിച്ച് അഞ്ച് ദിവസം സമയമെടുത്താണ് ചെറുകുതിരയെ ഒരുക്കിയത്. ഒരു പെൻസിലിൽ ചെട്ടികുളങ്ങര കുംഭഭരണിയിലെ മുഴുവൻ കെട്ടുകാഴ്ചകളൊരുക്കിയും 13 പെൻസിലുകളിൽ 13 കരകളുടെയും കെട്ടുകാഴ്ചകളൊരുക്കിയും ശ്രദ്ധ നേടിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് മുറിയിൽനിന്ന് വീണു കിട്ടിയ ചോക്ക് കഷണത്തിലാണ് ബ്ലേഡ് ഉപയോഗിച്ച് ആദ്യ ശിൽപം നിർമിച്ചത്. ചോക്ക് ശിൽപങ്ങൾ വേഗം ഒടിഞ്ഞുപോകുന്നതിനാൽ കനം കുറഞ്ഞ ചെറിയ തടികഷണങ്ങളിലായി പരീക്ഷണം. തടി കഷണങ്ങളിൽ നിരവധി ശിൽപങ്ങൾ നിർമിച്ചു. പിന്നീട് ശിൽപ നിർമിതി പെൻസിൽ ഗ്രാഫൈറ്റിലേക്ക് മാറ്റി. രാഹുൽ സ്വയം ആർജിച്ച കഴിവു കൊണ്ടാണ് ശിൽപങ്ങൾ നിർമിക്കുന്നത്. വെൽഡിങ് ജോലി കഴിഞ്ഞെത്തുന്ന വിശ്രമവേളകളിലാണ് ശിൽപങ്ങളുടെ നിർമാണം. ചെട്ടികുളങ്ങര കുംഭഭരണി കാഴ്ചകളാണ് ഏറ്റവും കൂടുതൽ ശിൽപങ്ങളായി പിറന്നത്. അച്ഛൻ കൃഷ്ണൻകുട്ടി, അമ്മ രാധ, സഹോദരി രാധിക എന്നിവരുടെ പിന്തുണയും സഹായവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.