ശശിധര പണിക്കർ വധം: നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsമാവേലിക്കര: വഴിവിട്ട ബന്ധം വിലക്കിയ പിതാവിനെ മകൾ കാമുകെൻറയും സുഹൃത്തിെൻറയും സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചുനക്കര ലീലാലയത്തിൽ ശശിധര പണിക്കരെയാണ് (54) പ്രതികൾ കൊലപ്പെടുത്തിയത്.
2013 ഫെബ്രുവരി 26ന് വൈകീട്ട് ആറിനാണ് സംഭവം. കരിങ്ങാലി പുഞ്ചയോട് ചേർന്നുള്ള കുളത്തിൽ മരിച്ച നിലയിൽ ശശിധര പണിക്കരെ കണ്ടെത്തുകയായിരുന്നു. കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട വസ്തു ഉടമ ഗോപിനാഥ പിള്ളയാണ് പൊലീസിൽ വിവരം അറിയിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേെസടുത്തെങ്കിലും ഭാര്യയും മക്കളും അടങ്ങുന്ന ബന്ധുക്കൾക്ക് മരണത്തിൽ സംശയം ഇല്ലാതിരുന്നതിനാൽ അന്വേഷണം മന്ദഗതിയിലായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്നാണ് മരണം കൊലപാതകമാണെന്ന സൂചന ലഭിക്കുന്നത്. ഡോ. ഉമേഷ് നൽകിയ റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. ശക്തമായ അടിയേറ്റാണ് തലയിൽ മുറിവ് ഉണ്ടായതെന്നും മൂർച്ചയേറിയ ആയുധംകൊണ്ടുള്ള മുറിവാണ് തുടയിലേതെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ശശിധര പണിക്കരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. രതീഷിനെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. അന്നുതന്നെ ശ്രീജയെയും അറസ്റ്റ് ചെയ്തു. ഇതിനിടെ വിദേശത്തേക്ക് പോയ റിയാസ് ഏപ്രിലിൽ തിരികെ എത്തി കീഴടങ്ങുകയായിരുന്നു.
തിരുവല്ലയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു ശശിധര പണിക്കർ. മകൾ ശ്രീജ ചാരുംമൂട്ടിൽ കടയിൽ ജോലി ചെയ്യുമ്പോഴാണ് റിയാസിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും. റിയാസ് പിന്നീട് വിദേശത്തേക്ക് പോയി. ഇതിനുശേഷം ശ്രീജ തൊട്ടടുത്ത കടയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്തിനൊപ്പം ഇറങ്ങിപ്പോയി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.
എന്നാൽ, ശ്രീജിത്ത് വള്ളികുന്നം സ്റ്റേഷനിലെ ഒരു കേസിൽ ഉൾപ്പെട്ടതോടെ ഈ ബന്ധം ഉപേക്ഷിച്ചു. ഗൾഫിലായിരുന്ന റിയാസുമായി ശ്രീജ വീണ്ടും അടുപ്പത്തിലായി. ഇതിനിടെ, ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പരിചയപ്പെട്ട തൃക്കൊടിത്താനം സ്വദേശി സുരേഷ് കുമാറുമായി ശ്രീജ അടുപ്പത്തിലാവുകയും ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വഴിവിട്ട ഈ ബന്ധം ചോദ്യം ചെയ്തതും അച്ഛനെ മകളുടെ ശത്രുവാക്കി. എന്നാൽ, റിയാസ് ഈ ബന്ധം അറിഞ്ഞിരുന്നില്ല. ഒരുകോടി വിലമതിക്കുന്ന 85 സെൻറ് വസ്തു വിറ്റ് സഹോദരിയെ വിവാഹം ചെയ്തയച്ച ശേഷം സുഖമായി മറ്റെവിടെയെങ്കിലും പോയി ജീവിക്കാമെന്ന് മോഹം നൽകിയാണ് ശ്രീജ റിയാസിനെകൊണ്ട് കൊലപാതകം ആസൂത്രണം ചെയ്യിച്ചത്.
രണ്ട് സമുദായമായതിനാൽ ശ്രീജയുടെ അച്ഛൻ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് റിയാസ് ഗൾഫിൽ കൂടെ ഉണ്ടായിരുന്ന രതീഷിനോട് പറഞ്ഞിരുന്നത്. അതിനാൽ അച്ഛനെ ഒഴിവാക്കാൻ കൂടെനിൽക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഒാഹരി വിറ്റുകിട്ടുന്നതിൽനിന്ന് 1.5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. എന്നാൽ, കൊലക്കുശേഷം നാട്ടിൽനിന്ന് മാറി നിൽക്കാനുള്ള െചലവിന് 5000 രൂപ മാത്രമാണ് രതീഷിന് കിട്ടിയത്.
കേസിൽ േപ്രാസിക്യൂഷൻ ഭാഗത്തുനിന്ന് 31 സാക്ഷികളെയും 70 രേഖകളും 42 തൊണ്ടിമുതലും ഹാജരാക്കി.
കേസിെൻറ വിചാരണവേളയിൽ ശശിധര പണിക്കരുടെ ഇളയ മകൾ ശരണ്യയടക്കം നാല് സാക്ഷികൾ കൂറുമാറുകയും ഭാര്യ ശ്രീദേവി സംസാരശേഷി ഇല്ലെന്ന് പറഞ്ഞ് ഒഴിവാകുകയും ചെയ്തിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ എസ്. സോളമനാണ് കേസിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.