തഴക്കര മേൽപാലം നിർമാണം; സ്വന്തം റൂട്ട് നിശ്ചയിച്ച് ബസുകൾ; പെരുവഴിയിൽ യാത്രക്കാർ
text_fieldsമാവേലിക്കര: തഴക്കര മേൽപാലത്തിന്റെ പണികൾ നടക്കുന്നതിനാൽ റോഡ് ഗതാഗതം തിരിച്ചുവിട്ടതിനാൽ യാത്രാക്ലേശം രൂക്ഷം. അധികാരികൾ നിർദേശിക്കപ്പെട്ട റൂട്ടിൽനിന്ന് ബസുകൾ വഴിമാറി ഓടുന്നതാണ് യാത്രക്കാെര ബുദ്ധിമുട്ടിലാക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ യാത്രക്കാർ വഴിയിൽ കുടുങ്ങുകയാണ്. ദിവസേന ജോലിക്കു പോകുന്നവരും വിദ്യാർഥികളുമാണ് ഏറെ വലയുന്നത്. കഴിഞ്ഞ 21 മുതൽ ഒരു മാസത്തേക്കാണ് മാവേലിക്കര-കൊച്ചാലുംമൂട് റോഡിലെ ഗതാഗതം വഴിതിരിച്ചുവിട്ടത്. തുടർന്നാണ് ബസുകൾ വഴിമാറി ഓടാൻ തുടങ്ങിയത്. തഴക്കര വഴിയുള്ള വലിയ വാഹനങ്ങൾ കല്ലുമല, അറുനൂറ്റിമംഗലം, ഇറവങ്കര വഴിയും ചെറിയ വാഹനങ്ങൾ വഴുവാടി, പൈനുംമൂടു വഴിയുമാണ് തിരിച്ചുവിട്ടത്. എന്നാൽ, മാവേലിക്കരയിൽനിന്ന് ചെങ്ങന്നൂർ ഭാഗത്തേക്കുള്ള ബസുകൾ പൊറ്റമേൽക്കടവ്, തോനയ്ക്കാട്, പുലിയൂർ വഴിയും പന്തളത്തേക്കുള്ള ബസുകൾ കല്ലുമല, നാലുമുക്ക്, മാങ്കാംകുഴി വഴിയുമാണ് പോകുന്നതെന്ന് യാത്രക്കാർ പറയുന്നു. ഇതുമൂലം കൊച്ചാലുംമൂട്, ഇറവങ്കര ഭാഗങ്ങളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിലാകുന്നത്. അറുനൂറ്റിമംഗലം-ഇറവങ്കര റോഡ് നവീകരണ ജോലികൾ നടക്കുന്നതിനാൽ അതുവഴി ഗതാഗതം നിരോധിച്ച ബോർഡ് കണ്ടാണ് കെ.എസ്.ആർ.ടി.സി ബസുകൾ അറനൂറ്റിമംഗലത്തുനിന്ന് ഇറവങ്കര വഴിയുള്ള റൂട്ട് ഒഴിവാക്കി മാങ്കാംകുഴിവഴി പോകുന്നതെന്ന് അധികൃതർ പറയുന്നു. കല്ലുമല ചന്തയുടെ ഭാഗത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ബസുകൾ വൈകുന്നതിനാൽ അടുത്ത ട്രിപ്പ് റദ്ദാക്കേണ്ട സാഹചര്യമുണ്ട്.
ഇത് ഒഴിവാക്കാനാണ് തോനയ്ക്കാട്, പുലിയൂർ റോഡിനെ ആശ്രയിക്കുന്നതെന്ന് ചെങ്ങന്നൂർ റൂട്ടിലെ സ്വകാര്യബസ് ജീവനക്കാർ പറയുന്നു. ബസുകൾ വഴിമാറി ഓടുന്നതിനെതിരെ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഇതേസമയം റോഡ് നവീകരണം നടത്തുന്ന കെ.എസ്.ടി.പി. അധികൃതർ ഓട നിർമിക്കാൻ കുഴിയെടുത്തതോടെ ഇരുചക്രവാഹനങ്ങൾക്കും കടന്നു പോകാനാകാത്ത സ്ഥിതിയായി. ഗതാഗതം വഴിതിരിച്ചുവിട്ട റൂട്ടുകളിൽ വേണ്ടത്ര ദിശാസൂചക ബോർഡുകൾ സ്ഥാപിക്കാത്തതും ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.