യുവാവിന്റെ കൊലപാതകം; പ്രതികൾക്ക് 10 വർഷം കഠിനതടവും പിഴയും
text_fieldsമാവേലിക്കര: മദ്യപാനത്തിനിടെ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ നാലുപ്രതികൾക്ക് പത്തുവർഷം കഠിനതടവും രണ്ടരലക്ഷം രൂപവീതം പിഴയും ശിക്ഷ. വള്ളികുന്നം കടുവിനാൽ പുതുപ്പുരക്കൽ വീട്ടിൽ രഞ്ജിത് (33) കൊല്ലപ്പെട്ട കേസിൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. അജിത്കുമാറാണ് വിധിച്ചത്. പ്രതികൾ പിഴയായി നൽകുന്ന തുക രഞ്ജിത്തിന്റെ ഭാര്യക്കും മകൾക്കും നൽകണമെന്നും പിഴയൊടുക്കാത്തപക്ഷം ഒരുവർഷംകൂടി ശിക്ഷയനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
വള്ളികുന്നം കടുവിനാൽ മലവിള വടക്കതിൽ സനു (29), താമരക്കുളം വേടരപ്ലാവ് വിളയിൽ രതീഷ്കുമാർ (28), താമരക്കുളം കണ്ണനാകുഴി ലക്ഷ്മിഭവനത്തിൽ ശ്രീരാജ് (24), താമരക്കുളം കിഴക്കുംമുറി ഷാനുഭവനത്തിൽ ഷാനു (28) എന്നിവരാണ് കേസിലെ പ്രതികൾ. 2018 ആഗസ്റ്റ് രണ്ടിന് രണ്ടാംപ്രതി രതീഷ്കുമാർ വാടകക്ക് താമസിച്ചിരുന്ന പാലമേൽ ഉളവുക്കാട് രമേശ്ഭവനം വീട്ടിൽവെച്ചായിരുന്നു സംഭവം. ഇവിടെവെച്ച് പ്രതികളും രഞ്ജിത്തും ഒരുമിച്ചു മദ്യപിച്ചിരുന്നു. രഞ്ജിത് ഒന്നാംപ്രതി സനുവിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനെച്ചൊല്ലി തർക്കമുണ്ടാകുകയും തുടർന്ന് സനു ബിയർകുപ്പി ഉപയോഗിച്ച് തലക്കടിച്ചുവീഴ്ത്തുകയും മറ്റുള്ളവർ ക്രൂരമായി മർദിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജിത് മരിച്ചിരുന്നു.
രഞ്ജിത്തിന്റെയും പ്രതികളുടെയും പേരിൽ നൂറനാട്, വള്ളികുന്നം, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ടായിരുന്നു. കൃത്യം നടന്ന വീട്ടിൽനിന്ന് 15 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയ കേസിൽ ഒന്നുമുതൽ മൂന്നുവരെ പ്രതികളെ ചെങ്ങന്നൂർ അസി. സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.