നാടെങ്ങും ഓക്സിജൻ ചർച്ചാവിഷയം; ആശാ കേന്ദ്രമായി 'ട്രാവൻകൂർ ഓക്സിജൻ'
text_fieldsമാവേലിക്കര: കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലെങ്ങും ഓക്സിജൻ ക്ഷാമം ചർച്ചയാകുമ്പോൾ ഇവിടെ മാവേലിക്കരയിലെ കുന്നം എന്ന ഗ്രാമത്തിൽ ട്രാവൻകൂർ ഓക്സിജൻ ലിമിറ്റഡ് ചർച്ചയാകുന്നു. ചാക്കോ പാടത്തിന് സമീപം റോഡരികിലെ കെട്ടിടത്തിൽ എന്താണ് നടക്കുന്നതെന്ന് നാട്ടുകാർക്ക് പോലും വലിയ അറിവുണ്ടായിരുന്നില്ല. സ്വർണ നിറത്തിലുള്ള ഇംഗ്ലീഷ് അക്ഷരങ്ങളാൽ രേഖപ്പെടുത്തിയിട്ടുള്ള ഈ പേര് കോവിഡ് കാലത്ത് അതിജീവനത്തിെൻറ ആശാ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ കിട്ടാതെ നിരവധി ജീവനുകൾ പൊലിയുന്ന സംഭവം ചർച്ചയാകുമ്പോൾ ജില്ലയിലെ ആദ്യത്തെ ഓക്സിജൻ ഉൽപാദന ഫാക്ടറി കഴിഞ്ഞ 38 വർഷക്കാലമായി സജീവമാണ്.
1982ൽ അന്നത്തെ വ്യവസായ മന്ത്രി ഇ.അഹമ്മദിെൻറ അധ്യക്ഷതയിൽ വൈദ്യുതി മന്ത്രി ആർ.ബാലകൃഷ്ണപിള്ളയാണ് ട്രാവൻകൂർ ഓക്സിജൻ ലിമിറ്റഡ് എന്ന ഫാക്ടറിക്ക് തറക്കല്ലിട്ടത്. 1983 മുതൽ നൈട്രജനും വ്യവസായ, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഓക്സിജനും ഉൽപാദിപ്പിക്കാൻ തുടങ്ങി. വായുവിൽനിന്ന് ഓക്സിജനും നൈട്രജനും വേർതിരിച്ചെടുക്കുന്ന സംസ്ഥാനത്തെ 11 ഫാക്ടറികളിൽ ഒന്നാണ് മാവേലിക്കര കുന്നത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഘനമീറ്റർ ശേഷിയുള്ള ഫാക്ടറിയിൽ ഓക്സിജൻ ക്ഷാമം സംബന്ധിച്ച് ആശങ്ക ഉയർന്നതോടെ നിലവിൽ ആരോഗ്യ മേഖലയിലേക്കുള്ള ഓക്സിജനാണ് പൂർണമായി ഉൽപാദിപ്പിക്കുന്നത്. രണ്ട് വനിതകൾ ഉൾപ്പെടെ 15 ജീവനക്കാരുമായി ഓക്സിജൻ ഉൽപാദനം കൃത്യമായി നടക്കുന്നു. സമീപത്തെ സ്വകാര്യ ആശുപത്രികൾക്ക് ആവശ്യമായ ഓക്സിജൻ നിലവിൽ ഇവിടെ നിന്നാണ് വാങ്ങുന്നത്.
ഏഴ് ഘന മീറ്റർ, 1.5 ഘനമീറ്റർ ശേഷിയുള്ള സിലിണ്ടറുകളിലാണ് ഓക്സിജൻ നിറച്ചു നൽകുന്നത്. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ഉപയോഗത്തിനുള്ള സൗകര്യാർഥം 1.5 ഘനമീറ്റർ ശേഷിയുള്ള സിലിണ്ടറുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സിലിണ്ടറുമായെത്തിയാൽ ഓക്സിജൻ നിറച്ചു നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മാനേജിങ് ഡയറക്ടർ കവിത ഗോപാൽ, ചെയർമാൻ വിനോദ് ഉണ്ണിത്താൻ, ഡയറക്ടർ ഡോ.സതീഷ് കുമാർ എന്നിവരാണ് കമ്പനി പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.