കണ്ടിയൂർ ബൈപാസ് ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടു വർഷം; ഗതാഗതക്കുരുക്കിന് പരിഹാരമായില്ല
text_fields
മാവേലിക്കര: മാവേലിക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർദേശിച്ച കണ്ടിയൂര്‍ ബൈപാസ് യാഥാർഥ്യമായി രണ്ട് വർഷമായിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ബൈപാസ് റോഡിലൂടെ നഗരത്തിലെ ഗതാഗതം തിരിച്ചുവിടാൻ ഇനിയുമായിട്ടില്ലെന്നതാണ് ഗതാഗതക്കുരുക്കിന് കാരണം.
മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പടിഞ്ഞാറുള്ള മണക്കാട് പുഞ്ചയിലൂടെ കണ്ടിയൂർ കിഴക്കേ ആൽത്തറക്ക് സമീപമെത്തുന്നതായിരുന്നു ബൈപാസ് പദ്ധതി. ബൈപാസിന്റെ രണ്ടാംഘട്ടമായി ഉദ്ദേശിക്കുന്ന കിഴക്കേ ആൽത്തറ-കണ്ടിയൂർ അമ്പലമുക്ക് റോഡിന്റെ നവീകരണംകൂടി യാഥാർഥ്യമായാൽ മാത്രമേ ബൈപാസിന്റെ പ്രയോജനം പൂർണമായും ലഭിക്കൂ.
1988-ൃലെ നഗരസഭ കൗൺസിലിന്റെ കാലത്താണ് ഗതാഗതക്കുരുക്കിനു പരിഹാരമായി കണ്ടിയൂർ ബൈപാസ് ആശയം രൂപപ്പെട്ടത്. പലതവണ ഈ നിർദേശം നഗരസഭ ബജറ്റിൽ ഇടംപിടിച്ചിരുന്നു. തുടർന്ന് 2006 ൽ ശിലാസ്ഥാപനം നടത്തി. തുടര്‍ നടപടികള്‍ മുടങ്ങിയ പദ്ധതിക്കായി 2012 ലാണ് വീണ്ടും ശ്രമം ആരംഭിച്ചത്. ടെന്‍ഡര്‍ തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം കരാറുകരന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചു.
പിന്നീട്, നിരന്തര ഇടപെടലുകളിലൂടെയാണ് 3.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു നിർമാണം തുടങ്ങിയത്. നിര്‍മാണം ആരംഭിച്ച ശേഷം ഗ്രാവലിന്റെ ലഭ്യതക്കുറവും വെള്ളപ്പൊക്കം മൂലം ബൈപാസ് കടന്നുപോകുന്ന മണക്കാട് പുഞ്ചയിലെ ജലനിരപ്പ് ഉയര്‍ന്നതും തടസ്സങ്ങളായി. 3.13 കോടി രൂപക്കാണ് ബൈപാസ് നിർമാണംപൂർത്തീകരിച്ചത്.
എട്ടുമീറ്റർ വീതിയുള്ള റോഡിൽ അഞ്ചരമീറ്ററാണ് ടാറിങ് വീതി. ടി.എ. കനാലിനു കുറുകെ പാലവും ബൈപാസ് റോഡിനിരുവശവും ക്രാഷ് ബാരിയറുകളും നിർമിച്ചു.
ബൈപാസ് റോഡ് അവസാനിക്കുന്ന പടിഞ്ഞാറുഭാഗത്ത് അശാസ്ത്രീയമായി റോഡ് നിർമിച്ചതിനാൽ വെള്ളമൊഴുകിപ്പോകാൻ സൗകര്യമില്ല. ഇതു മൂലം ചെറിയ മഴപെയ്താൽപ്പോലും റോഡിനിരുവശവുമുള്ള വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടാറിങ് നടക്കുന്ന വേളയിൽ നാട്ടുകാർ നിർമാണജോലികൾ തടസ്സപ്പെടുത്തിയിരുന്നു. ഓട നിർമിക്കാമെന്ന കരാറുകാരന്റെ ഉറപ്പിലാണ് പിന്നീട് ടാറിങ് പുനരാരംഭിച്ചത്.
ബൈപാസ് റോഡിൽ തെരുവുവിളക്കുകളില്ലാത്തത് സന്ധ്യകഴിഞ്ഞ് കാൽനടയാത്രികർക്ക് ബുദ്ധിമുട്ടാണ്. പാടത്തിനു നടുവിലൂടെയുള്ള റോഡായതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
രാത്രി മദ്യപസംഘങ്ങൾ ഇവിടം കൈയടക്കുന്നതായും പരാതിയുണ്ട്.
ബൈപാസിന്റെ രണ്ടാംഘട്ടമായി കിഴക്കേ ആൽത്തറ മുതൽ കണ്ടിയൂർ അമ്പലമുക്കുവരെയുള്ള ഭാഗം ആധുനിക നിലവാരത്തിൽ വീതികൂട്ടി ടാറിങ് നടത്താനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. രണ്ടാംഘട്ടം പൂർത്തികരിച്ചാലേ ബസുകളും ലോറികളുമടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.