മാവേലിക്കരയിൽ സംഭരണം ഓ.കെ; സംസ്കരണം?
text_fieldsമാവേലിക്കര: മാവേലിക്കരയിൽ പഞ്ചായത്തുകളിൽ മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തത് അവതാളത്തിൽ. മാലിന്യമുക്ത മാവേലിക്കര പദ്ധതി കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തെങ്കിലും തുടർനടപടി ഉണ്ടായില്ല. നൂറനാട് ലെപ്രസി സാനറ്റോറിയം ഭൂമിയിൽ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉടലെടുത്തിരുന്നു. പഞ്ചായത്തുകളിൽ മാലിന്യം വളമാക്കി മാറ്റുന്ന യൂനിറ്റുകൾ ഉള്ളതു മാത്രമാണ് ആശ്വാസം. മാവേലിക്കര മുനിസിപ്പാലിറ്റിയിൽ മുമ്പ് മാലിന്യം സംസ്കരിച്ചിരുന്നത് പുതിയകാവ് ചന്തക്ക് സമീപമുള്ള സ്ഥലത്തായിരുന്നു. മാലിന്യം വലിച്ചെറിയുന്നതും കൂട്ടിയിടുന്നതുമായ സ്ഥലങ്ങൾ ഉണ്ടാകരുതെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറിൽ മാവേലിക്കരയിലെ പുതിയകാവ് മാർക്കറ്റ് മാലിന്യമുക്തമാക്കി പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. മാവേലിക്കര മുനിസിപ്പാലിറ്റിയിലെ മാലിന്യസംസ്കരണം കാര്യക്ഷമമല്ല. താമരക്കുളം, ചുനക്കര, നൂറനാട്, പാലമേൽ, തഴക്കര, തെക്കേക്കര പഞ്ചായത്തുകളിൽ മാലിന്യസംസ്കരണത്തിനു സ്ഥലംപോലും കണ്ടെത്തിയിട്ടില്ല. ഇപ്പോഴും റോഡ് അരികിലും പുറമ്പോക്കിലും മാലിന്യം തള്ളുകയാണ് പതിവ്. പല പഞ്ചായത്തിലും ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ നടപടി സ്വീകരിക്കുന്നില്ല. മാവേലിക്കരയിൽ കോട്ടതോടിലേക്ക് വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യംഒഴുക്കി വിടുന്നതിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. മാവേലിക്കര നഗരസഭക്ക് സ്വന്തമായി പ്ലാസ്റ്റിക് സംഭരണ കേന്ദ്രവും ഷ്രെഡിങ് യൂനിറ്റും കണ്ടിയൂർ കാളച്ചന്തയിലുണ്ട്. ഹരിത കർമസേനയിലെ അംഗങ്ങളെ ഉപയോഗിച്ച് നഗരസഭയിലെ 28 വാർഡുകളിൽനിന്ന് പ്ലാസ്റ്റിക് സമാഹരിച്ച് ഷ്രെഡിങ് നടത്തി വിൽക്കുകയാണ് പതിവ്.
‘സംസ്കാരമാകാത്ത മാലിന്യസംസ്കരണം’; സംഭരിച്ചവ വഴിയിൽ കിടക്കുന്നു
നഗരസഭ അതിർത്തിയിലെ വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ വീണ്ടും വഴിവക്കുകളിൽ കിടക്കുന്ന അവസ്ഥയാണ്. കണ്ടിയൂർ കാളച്ചന്തയിലെ സംസ്കരണകേന്ദ്രത്തിൽ ഇവ എത്തിക്കാൻ സംവിധാനമില്ലാത്തതാണ് കാരണം. ശേഖരിക്കുന്ന പ്ലാസ്റ്റിക് സേനക്കായി വാങ്ങിയ വാഹനത്തിൽ കണ്ടിയൂർ കാളച്ചന്തയിൽ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. നഗരസഭ ഈ ആവശ്യത്തിനായി വാങ്ങിയ ഇലക്ട്രിക് വാഹനം മൂന്നുതവണ മറിഞ്ഞ് അപകടത്തിൽപെട്ടു. ഭാരംകയറ്റി ഓടിക്കുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് മറിയുന്നത്. ഇതുമൂലം ഈ വാഹനം ഓടിക്കാൻ ഡ്രൈവർമാർ തയാറാകുന്നില്ല.
വാങ്ങിയിട്ട് അധികം ഓടിയിട്ടില്ലാത്ത വാഹനം മാസങ്ങളായി നഗരസഭ വളപ്പിൽ വിശ്രമത്തിലാണ്. വാഹനത്തിന്റെ അപാകത സംബന്ധിച്ച് കമ്പനി അധികൃതരുമായി സംസാരിക്കാൻ നഗരസഭ സെക്രട്ടറിയെ കൗൺസിൽ യോഗം ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. നിലവിൽ ആരോഗ്യ സ്ക്വാഡിന്റെ വാഹനത്തിൽ ചാക്കുകെട്ടുകൾ കണ്ടിയൂരിലെ സംസ്കരണകേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ലക്ഷങ്ങൾ മുടക്കി 28 വാർഡിലും മിനി എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സംവിധാനം സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും റോഡരികിൽ ചാക്കുകെട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന മാലിന്യം മാറ്റാനുള്ള നടപടി വൈകുന്നു. പലയിടത്തും തെരുവുനായ്ക്കൾ ചാക്കുകൾ കടിച്ചുകീറി പ്ലാസ്റ്റിക് മാലിന്യം റോഡിലാകെ നിരത്തിയിട്ടിരിക്കുന്നത് സ്ഥിരം കാഴ്ചയായി.
ചിലർ നായെ അഴിച്ചുവിട്ട സംഭവവുമുണ്ടായിട്ടുണ്ട്
മാലിന്യം ശേഖരിക്കാൻ പോകുമ്പോൾ വേദനജനകമായ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കവാറും വീടുകളിൽ ഗേറ്റ് അടച്ചിട്ടിരിക്കും. എന്നാൽ, നിരവധി തവണ വിളിച്ചാൽ പോലും ഗേറ്റ് തുറക്കാനോ സംസാരിക്കാനോ തയാറാകുന്നില്ല. ചില വീടുകളിൽ നായെ അഴിച്ചുവിട്ട സംഭവമുണ്ടായിട്ടുണ്ട്. ദാഹിച്ചു ചെല്ലുമ്പോൾ വെള്ളം ചോദിച്ചാൽ പോലും തരാൻ മടിക്കുന്നവരുമുണ്ട്. സാധാരണക്കാരാണ് പലപ്പോഴും മാന്യമായി പെരുമാറുന്നതും യൂസർ ഫീ നൽകുന്നതും. അറിവും വിദ്യാഭ്യാസവും ഉള്ളവരാണ് മോശമായി പെരുമാറുന്നവരിൽ പലരും. ഇവർ രാത്രി പ്ലാസ്സിക്മാലിന്യമടക്കമുള്ളവ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്.
പഴയവസ്ത്രങ്ങൾ, ചെരിപ്പുകൾ, കുപ്പിച്ചില്ലുകൾ ശേഖരണമില്ല
മേഖലയിലെ പല പഞ്ചായത്തുകളിലും പഴയ വസ്ത്രങ്ങൾ, ചെരിപ്പുകൾ, കുപ്പി ചില്ലുകൾ എന്നിവ എടുത്തു തുടങ്ങിയില്ല. തഴക്കര പഞ്ചായത്തിൽ കുപ്പിച്ചില്ലുകൾ, പഴയ തുണികൾ എന്നിവ ഒരു തവണ ശേഖരിച്ചിരുന്നു. ചെരിപ്പുകൾ എടുത്തു തുടങ്ങിയില്ല. തെക്കേക്കര ഗ്രാമപഞ്ചായത്തിലും പഴയ വസ്ത്രങ്ങൾ, കുപ്പിച്ചില്ലുകൾ, ചെരിപ്പുകൾ എന്നിവ ശേഖരിച്ചു തുടങ്ങിയില്ല. കൂടുതൽ മാലിന്യമുള്ള പ്രദേശങ്ങളിൽ സി.സി ടി.വി കാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഏർപ്പെടുത്തിയതിനാൽ മാലിന്യം തള്ളലിനു പരിഹാരം കാണാനായി. ഇവിടെ ശേഖരിച്ച, പഴയവസ്ത്രങ്ങൾ, കുപ്പിച്ചില്ലുകൾ, ചെരിപ്പുകളടക്കമുള്ള മാലിന്യം എടുക്കാൻ ഏജൻസികൾ തയാറാകാത്തതിനാൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ചുനക്കരയിൽ പഴയ വസ്ത്രങ്ങൾ എടുത്തു തുടങ്ങിയില്ല. ചെരിപ്പുകൾ, ലതർ എന്നിവ ഒരു തവണ എടുത്തിരുന്നു.
നൂറനാട് പഞ്ചായത്തിൽ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റ് നിലവിൽ ഇല്ല. നൂറനാട് ചന്തയിലും പി.എച്ച്.സിയിലും കമ്പോസ്റ്റ് യൂനിറ്റുകൾ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. ഒരു എം.സി.എഫ് മാത്രമാണ് നിലവിലുള്ളത്. ഇവിടെ പഴയ വസ്ത്രങ്ങളടക്കമുള്ളവ എടുത്തു തുടങ്ങിയില്ല. പാലമേലിൽ എല്ലാം സ്കൂളുകളിലും എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകൾ സ്ഥാപിച്ച് മാലിന്യം ശേഖരിക്കുന്നു. പ്ലാസ്റ്റിക് സംസ്കരണത്തിനു പദ്ധതികൾ ആവിഷ്കരിച്ചു കൃത്യമായി നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഹരിത മിഷന്റെ ശുചിത്വ പദവി മാവേലിക്കര നഗരസഭ, തഴക്കര, തെക്കേക്കര ഗ്രാമപഞ്ചായത്തുകൾക്ക് മുമ്പ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.