കൺമുന്നിൽ ഒരു പെൺകുട്ടി അച്ചൻകോവിലാറ്റിലേക്ക് ചാടുന്നു; കണ്ടു നിന്ന യുവാവ് ചെയ്തത്..
text_fieldsമാവേലിക്കര: പ്രായിക്കര പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് ചാടിയ പെൺകുട്ടിയെ സാഹസികമായി യുവാവ് രക്ഷപെടുത്തി. ഉളുന്തി പെട്ടിക്കൽ വടക്കതിൽ അനൂപ് സിദ്ധാർത്ഥൻ(24) ആണ് തൻ്റെ ജീവൻ പോലും വകവെക്കാതെ പെൺകുട്ടിയെ രക്ഷപെടുത്തിയത്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബന്ധുക്കളായ യുവാവിനും യുവതിക്കുമൊപ്പം വാഹനത്തിൽ ചെന്നിത്തലയിലെ ബന്ധു വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. കയ്യിലിരുന്ന പേഴ്സ് പാലത്തിൽ വീണുവെന്ന് പറഞ്ഞ് വാഹനം നിർത്തിച്ച പെൺകുട്ടി, ചാടിയിറങ്ങി പാലത്തിൻ്റെ കൈവരികൾക്ക് മുകളിലൂടെ ആറ്റിലേക്ക് ചാടുകയായിരുന്നു.
ഇൗ സമയം അതുവഴി വരികയായിരുന്ന അനൂപ് സംഭവം കണ്ടു. ഉടൻ തന്നെ വാഹനം നിർത്തി അനൂപ്, മറ്റൊന്നും ചിന്തിക്കാതെ ആറ്റിലേക്ക് ചാടി. യുവതിയെ രക്ഷിച്ച് കരയിലെത്തിക്കുകയും ചെയ്തു.
എന്നാൽ, ഇതു കണ്ടു നിന്ന നാട്ടുകാരിൽ ചിലർ ഇവർ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും ധരിച്ച് അനൂപുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ചർച്ച വഴിമാറുന്നതായി തോന്നിയ അനൂപ് അവിടെ നിന്ന് പതുക്കെ പിൻവലിയുകയും ചെയ്തു. അർധ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിക്ക് ബോധം വരികയും ബന്ധുക്കൾ പാലത്തിൽ നിന്ന് താഴെ ഇറങ്ങി കടവിൽ എത്തുകയും ചെയ്തതോടെയാണ് അനൂപ് അവളെ രക്ഷിക്കാൻ ശ്രമിച്ചതാണെന്ന് നാട്ടുകാർക്ക് വ്യക്തമായത്.
മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണത്തിലായിരുന്ന പെൺകുട്ടി തഴക്കര സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്നുവത്രെ. ഈ യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. യുവാവിൻ്റെ ബന്ധുക്കൾ കല്യാണത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിലുണ്ടായ മനോവിഷമം പെൺകുട്ടിക്കുണ്ടായിരുന്നതായി പറയുന്നു.
ഉളുന്തി സദേശിയും കേബിൾ നെറ്റ് വർക്ക് ജീവനക്കാരനുമായ അനൂപ് സിദ്ധാർത്ഥനാണ് പെൺകുട്ടിയെ രക്ഷപെടുത്തിയ യുവാവെന്ന് പിന്നീടാണ് അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.