മെഡിക്കൽ കോളജിലെ ട്രയാജ് സംവിധാനം പരിഷ്കരിക്കും; ഗുരുതര രോഗികൾ ഉടൻ ട്രയാജിൽ
text_fieldsആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സക്കുള്ള ട്രയാജ് സംവിധാനം പരിഷ്കരിക്കും. എച്ച്. സലാം എം.എൽ.എയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.
ഒന്നാം വാർഡിനെ നാലു ദിവസത്തിനകം പുതിയ ട്രയാജ് സംവിധാനത്തിനായി ഒരുക്കും. കിടക്ക അടക്കം സംവിധാനം സ്ഥാപിക്കും. ആംബുലൻസിൽ എത്തുന്ന രോഗികളെ ഉടൻ തന്നെ ട്രയാജ് സംവിധാനത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകും. രോഗികൾക്ക് കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാനാണിത്.
കോവിഡ് രോഗികൾക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി മിനി ഐ.സി.യു. സംവിധാനത്തോടെയുള്ള ട്രയാജ് സംവിധാനവും ഒരുക്കാൻ തീരുമാനിച്ചു. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം നടപടിക്രമം പൂർത്തീകരിച്ച് മൂന്നു മണിക്കൂറിനകം വിട്ടുനൽകാൻ നടപടിയായി. ദേശീയ ആരോഗ്യദൗത്യത്തിൽനിന്നുള്ള ഫണ്ട് ചെലവഴിച്ച് ഐ.സി.യു. സൗകര്യമുള്ള 16 കിടക്കകൾ സജ്ജമാക്കാനുള്ള നടപടിയായി. ദേശീയ ആരോഗ്യദൗത്യം മുഖേന കൂടുതൽ നഴ്സുമാരെയും അനുബന്ധ ജീവനക്കാരെയും നിയോഗിക്കാൻ ജില്ല കലക്ടർ എ. അലക്സാണ്ടർ നിർദേശം നൽകി. സബ് കലക്ടർ എസ്. ഇലക്യ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.ടി. വിജയലക്ഷ്മി, ഡോ. ടി.കെ. സുമ, ഡോ. പി. പത്മകുമാർ, ഡോ. സൈറു ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.