മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും -മന്ത്രി
text_fieldsആലപ്പുഴ: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളജില്‍ 10 കോടി രൂപ ചെലവഴിച്ചു നടപ്പാക്കിയ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നൂതന സൗകര്യങ്ങള്‍ പരമാവധി ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സക്ക് എത്തുന്ന രോഗികള്‍ക്ക് താമസം കൂടാതെ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജിലെ സ്ത്രീ സൗഹൃദ വിശ്രമ മുലയൂട്ടല്‍ മുറി, നവീകരിച്ച മെഡിക്കല്‍ എജുക്കേഷന്‍ ട്രെയിനിങ് സെന്റര്‍, പുതുതായി നിര്‍മിച്ച കോവിഡ് ഐ.സി.യു, കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം, വിവിധ വിഭാഗങ്ങളിലെ നൂതന ഉപകരണങ്ങള്‍,സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു.അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പ്രദീപ്തി സജിത്ത്, പഞ്ചായത്ത് അംഗം സുനിത പ്രദീപ്, ടി.ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ശശികല, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ് പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.