മീറ്റർ പലിശ സംഘം; കസ്റ്റഡി അപേക്ഷ നൽകി പൊലീസ്
text_fieldsകായംകുളം: കൃഷ്ണപുരത്ത് ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും തട്ടിക്കൊണ്ടുപോയി മർദിച്ച മീറ്റർ പലിശ സംഘത്തെ ശനിയാഴ്ച പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചേക്കും. കേസിൽ ഉൾപ്പെട്ട എരുവ കോട്ടയിൽ ഷിനു (ഫിറോസ്ഖാൻ 33), എരുവ വാണിയന്റയ്യത്ത് മുനീർ (30), എരുവ പടിഞ്ഞാറ് പുളിവേലിൽ പടീറ്റതിൽ സമീർബാബു (30), ഫയർ സ്റ്റേഷന് സമീപം താഴ്ചക്കുന്നേൽ കൊച്ചുമോൻ (35), കൃഷ്ണപുരം കുന്നത്ത് സജീർ (27) എന്നിവരെയാണ് കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് കോടതിയെ സമീപിച്ചത്.
പൊലീസുകാരെ ആക്രമിച്ച കേസിൽ ഇടുക്കിയിൽ റിമാൻഡിൽ കഴിയുന്ന ഇവരെ വെള്ളിയാഴ്ച കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ ചില പ്രതികൾ മജിസ്ട്രേറ്റിനോട് ആരോഗ്യ പ്രശ്നം അറിയിച്ചതോടെ വൈദ്യപരിശോധനക്ക് നിർദേശിച്ചു.
ഇതിന്റെ പരിശോധന ഫലവുമായി ശനിയാഴ്ച രാവിലെ 11ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. ഹോട്ടൽ ഉടമയെ ആക്രമിച്ച കേസിൽ പ്രതികളായ ഇവരെ പിന്തുടർന്ന പൊലീസുകാരെ ചിന്നക്കനാലിൽ െവച്ചാണ് ആക്രമിച്ചത്. കായംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ മീറ്റർ പലിശ സംഘങ്ങൾക്ക് എതിരെ പൊലീസ് നിലപാട് കടുപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം 24 നാണ് കൃഷ്ണപുരം മുക്കട ജങ്ഷന് സമീപമുള്ള കാട്ടൂസ് ഹോട്ടൽ ഉടമ റിഹാസിനെയും ജീവനക്കാരൻ അമീനെയും മർദിച്ചശേഷം ബലപ്രയോഗത്തിൽ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കരീലക്കുളങ്ങര സ്റ്റേഷനതിർത്തിയിലും ഇവർ അക്രമം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇടുക്കിയിലേക്ക് ഒളിവിൽ പോകുന്നത്.
അമിത പലിശക്ക് പണം നൽകുന്ന ബ്ലേഡ് പലിശ മാഫിയ സംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അക്രമി സംഘമെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കുടിപ്പകയാണ് ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോകുന്നതിന് കാരണമായത്. ഒരുമാസം മുമ്പ് പൊലീസ് ഈ സംഘാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തി നിരവധി ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും എയർഗണ്ണും പിടിച്ചെടുത്തിരുന്നു. ഇതിലുള്ള ശത്രുതയാണ് റിഹാസിനെ ആക്രമിക്കാനുള്ള കാരണമെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.