നൂറനാട് പക്ഷി സങ്കേതത്തിൽ ദേശാടനപക്ഷികൾ വീണ്ടും കൂടൊരുക്കി
text_fieldsചാരുംമൂട്: നൂറനാട് എന്ന പക്ഷി ഗ്രാമത്തിൽ നീർപക്ഷികൾ കൂടൊരുക്കം തുടങ്ങി. പഴകുളം മുതൽ കറ്റാനം വരെ കെ.പി റോഡിെൻറ പരിസരങ്ങളിലും പന്തളം, കണ്ണനാകുഴി എന്നിവിടങ്ങളിലുമാണ് നീർ പക്ഷികൾ കൂടൊരുക്കുന്നത്. റോഡുവികസനത്തിന് പാതയോരങ്ങളിലെ മരങ്ങൾ വെട്ടിമാറ്റിയതിനാൽ ഏറെ നാളുകളായി ഇവിടെ പക്ഷികൾ കൂടുകൂട്ടാൻ എത്താറില്ലായിരുന്നു. എന്നാൽ, ഇത്തവണ ധാരാളം വിവിധ ഇനത്തിലുള്ള പക്ഷികളാണ് വിരുന്നു വന്നത്.
ചാരുംമൂട്, നൂറനാട്, തെങ്ങുംതാര, പന്തളം, കരിമുളയ്ക്കൽ, വെട്ടിക്കോട്, പള്ളിമുക്ക്, മുതുകാട്ടുകര, കുടശ്ശനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ചൂളൻ എരണ്ട വിഭാഗത്തിൽപ്പെട്ട പക്ഷികൾ എത്തിയത്. നൂറനാട്ടെ കരിങ്ങാലിച്ചാൽ, പെരുവേലിച്ചാൽ പുഞ്ചകളിലും പരിസരങ്ങളിലും ഇവയെ കാണാം.
പാതയോരങ്ങളിലെ മരങ്ങളിലും നീർപക്ഷികൾ കൂടൊരുക്കാൻ തുടങ്ങി. നൂറനാട്, പാലമേൽ പഞ്ചായത്തുകളിലും, കരിങ്ങാലി, പുലിമേൽ പുഞ്ചകളിലും പരിസരത്തുള്ള മറ്റു നെൽപ്പാടങ്ങളിലും സമൃദ്ധമായി ലഭിക്കുന്ന ചെറു മീനുകളാണ് ദേശാനക്കിളികളുടെ മുഖ്യഭക്ഷണം. നീർക്കാക്ക, വിവിധജാതി വെള്ളരിപ്പക്ഷികൾ, പാതിരാക്കൊക്കുകൾ എന്നിവയും പലസ്ഥലങ്ങളിലായി കൂടുകൂട്ടിത്തുടങ്ങിയിട്ടുണ്ട്.
പക്ഷിക്കൂടുകളിൽ മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞാൽ അവ വേഗത്തിൽ വളർച്ച പ്രാപിക്കും. അതോടെ കൂടുകളുടെ എണ്ണവും വർധിക്കും. 1987ൽ നൂറനാട്ട് പതിനായിരത്തിലധികം നീർപ്പക്ഷികൾ കൂടൊരുക്കിയതായി കണ്ടെത്തിയിരുന്നു. ബോംബെ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണലിൽ നൂറനാട്ടെ പക്ഷികളെപ്പറ്റിയുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്രാമശ്രീ നേച്ചർക്ലബ് ഇന്ദുചൂഢൻ പക്ഷി സങ്കേതമെന്ന് നാമകരണം ചെയ്ത് പക്ഷി നിരീക്ഷകൻ സി. റഹീമിെൻറ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടായി പഠനം നടത്തി വരികയാണ്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ദേശാടന പക്ഷികളുടെ കൂടൊരുക്കലും പ്രജനനവും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.