മീറ്റ് ദി മിനിസ്റ്റര്‍ തുണയായി: ജോബിന് വൈദ്യുതി; പ്രസന്നകുമാറിന് വായ്പ
text_fieldsആലപ്പുഴ: മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ പുത്തന്‍ പറമ്പില്‍ ജോബ് ജോസഫിെൻറ ദീര്‍ഘകാല ആവശ്യത്തിന് 'മീറ്റ് ദി മിനിസ്റ്റർ' പരിപാടിയിൽ പരിഹാരം. വൈദ്യുതി ലഭിക്കാതെ സംരംഭം തുടങ്ങാന്‍ കഴിയാതിരുന്ന നാളുകള്‍ നീണ്ട ദുരവസ്ഥക്കാണ് അവസാനമായത്. സ്റ്റീല്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുന്നതിനായി ജോബ് ജോസഫ് വാങ്ങിയ വസ്തുവില്‍ ത്രീഫേസ്കണക്ഷനായി പൊതുവഴിയില്‍ കൂടി ലൈന്‍ വലിക്കുന്നതിന് സമീപവാസികള്‍ തടസ്സം നിന്നു. മന്ത്രിക്ക് ലഭിച്ച പരാതിയില്‍ ജില്ല കലക്ടറുടെ നിർദേശ പ്രകാരം എ.ഡി.എം കക്ഷികളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ച് ഉത്തരവായി. ഉത്തരവിെൻറ കോപ്പി മന്ത്രി പി. രാജീവ് പരാതിക്കാരനായ ജോബ് ജോസഫിന് കൈമാറി. വൈദ്യുതി ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി.യെ ചുമതലപ്പെടുത്തി.
സിബില്‍ സ്കോര്‍ കുറവായതിെൻറ പേരില്‍ വായ്പ നിഷേധിക്കപ്പെട്ട ചെറുകിട കച്ചവടക്കാരന് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയിലൂടെ വായ്പ നല്‍കാനുള്ള നടപടിയായി. 25 വര്‍ഷമായി ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ പൂജക്കട നടത്തുന്ന എരിക്കാവ് മണ്ണാന്തറയില് പ്രസന്നകുമാറിനാണ് നീതി ലഭിച്ചത്. ഹരിപ്പാട് കനറാ ബാങ്ക് ശാഖയിലാണ് പ്രസന്നകുമാര്‍ കച്ചവടാവശ്യത്തിനായി മൂന്നര ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ചത്. എന്നാല്‍, സിബില്‍ സ്കോറിൽ നേരിയ കുറവിെൻറ പേരില്‍ അപേക്ഷ നിരസിക്കുകയായിരുന്നു. പരാതി പരിഗണിച്ച മന്ത്രി രാജീവ് ലീഡ് ബാങ്ക് പ്രതിനിധിയോട് ഇദ്ദേഹത്തിെൻറ സിബില്‍ സ്കോര്‍ കാര്യമാക്കാതെ വായ്പ അനുവദിക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിർദേശിക്കുകയായിരുന്നു. തെൻറ സംരംഭത്തിനു പുതുജീവന്‍ ലഭിക്കുമെന്ന സന്തോഷത്തിലാണ് പട്ടണക്കാട് വ്യാസ ഡ്രഗ്സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ പി. എസ്. ശശീന്ദ്രന്. പട്ടണക്കാട് മെഗാ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിന് നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ ഇടുന്നതുമായി ബന്ധപ്പെട്ടുണ്ടായ താമസം പരിഹരിക്കുന്നതിനാണ് ശശീന്ദ്രന് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ എത്തിയത്. ഈ മാസം 30നകം അപാകതകള്‍ പരിഹരിച്ചു അനുമതി നല്കാന് മന്ത്രി നിർദേശം നല്കി.
ചേര്‍ത്തലയിലെ ഭക്ഷ്യസംസ്കരണ പാര്‍ക്ക് ഈ മാസം –മന്ത്രി പി. രാജീവ്
ആലപ്പുഴ: ചേര്‍ത്തലയിലെ ഭക്ഷ്യസംസ്കരണ പാര്‍ക്കിെൻറ ഉദ്ഘാടനം ഈ മാസം നിർവഹിക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി നടത്തിയ 'മീറ്റ് ദി മിനിസ്റ്റർ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചേര്‍ത്തലയിലെ ഫുഡ് പ്രോസസിങ് പാര്‍ക്കിെൻറ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
ജില്ല വ്യവസായ വകുപ്പിെൻറ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലഭിച്ച 42 പരാതികളില്‍ പൂർണമായും തീർപ്പാക്കിയത് 32 എണ്ണം. കോടതി ഇടപെടൽ ആവശ്യമുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റി. ബാക്കിയുള്ളവ സമയബന്ധിതമായി ഈമാസം 30നകം തീര്‍പ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദേശം നല്കി. പുതുതായി ലഭിച്ച 62 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച ക്രിയാത്മകമായ പദ്ധതികള്‍ അതിവേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
ഭൂമിയുടെ ലഭ്യതക്കുറവും കൂടുതലുള്ള ജനസാന്ദ്രതയും ഇതിനൊരു വെല്ലുവിളിയാണ്. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി തുടങ്ങിയവയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉൽപാദനക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഉൽപാദനം തടസ്സപ്പെടുത്തുന്ന തരത്തിലെ മിന്നല്‍ പണിമുടക്കുകള്‍ നടത്താന്‍ പാടില്ലെന്നും നോക്കുകൂലി നിയമവിരുദ്ധമാണെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍, കയര്‍ വികസന കോര്പറേഷന് ഡയറക്ടര്‍ വി.ആര്. വിനോദ്, എം. ഷബീര്‍, കെ.എസ്. അജിമോന്, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.