ബാങ്കിൽനിന്ന് ആധാരങ്ങൾ കാണാതായ സംഭവം മത്സ്യത്തൊഴിലാളികൾക്ക് പുതിയ പ്രമാണങ്ങൾ നൽകും
text_fieldsആലപ്പുഴ: വായ്പയെടുക്കുന്നതിന് ബാങ്കിന് ഈടായി നൽകിയ ആധാരങ്ങൾ കാണാതായ സംഭവത്തിൽ യഥാർഥ രേഖക്ക് തുല്യമായ പ്രമാണങ്ങൾ ഈമാസം 31നകം മത്സ്യത്തൊഴിലാളികൾക്ക് കൈമാറാൻ തീരുമാനം.
ആലപ്പുഴ കലക്ടറേറ്റിൽ എസ്.ബി.ഐ ബാങ്ക് അധികൃതരുമായി കലക്ടർ ഹരിത വി.കുമാർ നടത്തിയ ചർച്ചക്കൊടുവിലാണ് ധാരണ.
ഗസറ്റ് വിജ്ഞാപനത്തിലൂടെ കാണാതായ ഒറിജിനൽ പ്രമാണത്തിന് സമാനമായ പുതിയപ്രമാണം തയാറാക്കിയാവും നൽകുക. ഇതിന്റെ മുഴുവൻ ചെലവും എസ്.ബി.ഐ വഹിക്കും. ബാങ്കിന്റെ ബ്രാഞ്ച് മാറ്റവുമായി ബന്ധപ്പെട്ട് നഷ്ടമായ രേഖകൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലാണ് പുതിയപ്രമാണം നൽകുക.
നടപടിക്രമം വേഗത്തിലാക്കാൻ അമ്പലപ്പുഴ തഹസിൽദാരെയും രജിസ്ട്രാറെയും ചുമതലപ്പെടുത്തി. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ വായ്പയെടുത്ത മത്സ്യത്തൊഴിലാളികളായ 15പേർക്കാണ് പുതിയപ്രമാണം കിട്ടുക. ഇതിന് മുന്നോടിയായി നഷ്ടമായ ആധാരത്തിന്റെ കോപ്പി ബാങ്കിൽ എത്തിക്കണം. ബാങ്ക് ആവശ്യപ്പെട്ട തുകയുടെ കാര്യത്തിൽ ഇളവ് അനുവദിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദയനീയത തിരിച്ചറിഞ്ഞ് സർക്കാർ വിഷയത്തിൽ ഇടപെട്ടതോടെയാണ് ബാങ്ക് അധികൃതർ ഒത്തുതീർപ്പിന് വഴങ്ങിയത്.
മത്സ്യത്തൊഴിലാളികൾ പലതവണ ബ്രാഞ്ചിലെത്തി അന്വേഷിച്ചിട്ടും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. പ്രമാണം നൽകുന്നില്ലെന്ന് ആരോപിച്ച് പി.പി. ചിത്തരജഞൻ എം.എൽ.എയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ എസ്.ബി.ഐ റീജനൽ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയപ്പോഴാണ് രേഖകൾ കാണാതായവിവരം അറിഞ്ഞത്.
2005ൽ ചെട്ടിക്കാട് കടപ്പുറത്തെ 20പേരടങ്ങുന്ന ‘അമലോത്ഭവ’ സ്വാശ്രയസംഘമാണ് വള്ളവും വലയും വാങ്ങാൻ എസ്.ബി.ഐ തുമ്പോളി ശാഖയിൽനിന്ന് 25 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഇതിൽ 15പേരുടെ ആധാരമാണ് ഈടായി നൽകിയത്. കാലവർഷത്തിലും അല്ലാതെയും ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി. 2010ൽ കടാശ്വാസ കമീഷനെ ഇടപെട്ട് സർക്കാർ വായ്പ കുടിശ്ശിക തിരിച്ചടച്ചു. 13വർഷം കഴിഞ്ഞിട്ടും പ്രമാണം തിരികെ കിട്ടാൻ ഇനിയും തുക അടക്കണമെന്നായിരുന്നു ബാങ്കിന്റെ നിലപാട്.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കലക്ടർ ഹരിത വി.കുമാർ, എസ്.ബി.ഐ റീജനൽ മാനേജർ ജൂഡ് ജറാത്ത്, മാനേജർ അലൻ സെബാസ്റ്റ്യൻ, സബ് രജിസ്ട്രാർ ജി. ജയലക്ഷ്മി, ജോയന്റ് സബ് രജിസ്ട്രാർ മുഹമ്മദ് ബഷീർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേശ് ശശിധരൻ, അമ്പലപ്പുഴ തഹസിൽദാർ ജയ, മത്സ്യത്തൊഴിലാളികളായ ജോസഫ്, ബോബൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.