കോഴിഫാമിൽ കീരിക്കൂട്ടത്തിന്റെ ആക്രമണം; 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
text_fieldsമാരാരിക്കുളം: കോഴിഫാമിൽ കീരിക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാർഡ് താമരച്ചാൽ ക്ഷേത്രത്തിന് സമീപം വട്ടച്ചിറ വീട്ടിൽ ജൈവകർഷകൻ സുനിലിന്റെ കോഴിഫാമിലെ കോഴികളെയാണ് കീരികൾ കൂട്ടംചേർന്ന് കടിച്ചുകൊന്നത്. ശനിയാഴ്ച പുലർച്ച മൂന്നിനാണ് സംഭവം. ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ മുറിവുകൾ സംഭവിച്ച് ജീവനറ്റനിലയിൽ കണ്ടെത്തുകയായിരുന്നു. 11 വർഷമായി കൃഷിയോടൊപ്പം കോഴിഫാമും നടത്തുകയാണ് സുനിൽ. അഞ്ചുദിവസം പ്രായമായവയാണ് കോഴിക്കുഞ്ഞുങ്ങൾ. 38-40 ദിവസത്തിനുള്ളിൽ കച്ചവടക്കാർക്ക് കൈമാറുന്ന വിധമാണ് ഇവയെ വളർത്തുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് സുനിൽ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിലെ ഡോ. ലിറ്റി എം.ചെറിയാന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് കോഴികളെ സംസ്കരിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ അഡ്വ. എം. സന്തോഷ്കുമാർ, മേഖല സെക്രട്ടറി എച്ച്. അഭിലാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.