കാലവർഷം: ദുരിതാശ്വാസക്യാമ്പിന് 430 താൽക്കാലിക കെട്ടിടങ്ങൾ കണ്ടെത്തി
text_fieldsആലപ്പുഴ: ജില്ലയില്‍ കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കം ജനപങ്കാളിത്തത്തോടെ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ മന്ത്രി സജി ചെറിയാനും പങ്കെടുത്തു. മഴ തുടങ്ങിയ സാഹചര്യത്തില്‍ ജില്ലതലം മുതല്‍ വാര്‍ഡ് തലം വരെ ജാഗ്രത സംവിധാനങ്ങള്‍ പരമാവധി ശക്തമാക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ നിയോജക മണ്ഡലം തലത്തില്‍ എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തയാറെടുപ്പുകള്‍ വിലയിരുത്തി അടിയന്തര തുടര്‍നടപടികള്‍ സ്വീകരിക്കും.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തദ്ദേശസ്ഥാപന തലത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ പൊതുവായ സാഹചര്യം വിലയിരുത്തും. നിലവിലുള്ള തടസ്സങ്ങള്‍ പരിഹരിച്ച് നെല്ലുസംഭരണം ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. സംഭരണത്തിന് ഇടനിലക്കാരെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് മില്ലുകാര്‍ക്ക് നിര്‍ദേശം നല്‍കി. അനാവശ്യ ഇടപെടല്‍ നടത്തുന്ന ഇടനിലക്കാര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങളില്‍ സമയബന്ധിതമായി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കണം. പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം.
ക്യാമ്പുകള്‍ ഒരുക്കുമ്പോള്‍ ഭക്ഷണവും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഇതിനുള്ള ക്രമീകരണങ്ങള്‍ പ്രാദേശിക തലത്തില്‍ മുന്‍കൂട്ടി ഏര്‍പ്പെടുത്തണമെന്നും മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് തോടുകളും മറ്റും ജനപങ്കാളിത്തത്തോടെ ശുചീകരിക്കണം. അപകടസാധ്യതയുള്ള മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് പഞ്ചായത്തു തലത്തില്‍ നടപടി സ്വീകരിക്കണം -അദ്ദേഹം പറഞ്ഞു.
നിലവിലെ ക്രമീകരണങ്ങള്‍ ജില്ല കലക്ടർ ഡോ. രേണുരാജ് വിശദമാക്കി. ആവശ്യംവരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കുന്നതിന് 430 താൽക്കാലിക കെട്ടിടങ്ങള്‍ കണ്ടെത്തി. മാരാരിക്കുളം, ചെറുതന പഞ്ചായത്തുകളിൽ സൈക്ലോണ്‍ ഷെൽട്ടറുകള്‍ സജ്ജമാണ്. പാടശേഖര സമിതികളുടേതുള്‍പ്പെടെയുള്ള പമ്പ് സെറ്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിന് നിര്‍ദേശം നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു.
എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, രമേശ് ചെന്നിത്തല, ദലീമ ജോജോ, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലമേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.