പിഴ ഒഴിവാക്കാം; സമ്മാനവുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsആലപ്പുഴ: റോഡ് സുരക്ഷാ നിയമങ്ങൾ കൃത്യമായി പാലിച്ചാണോ നിങ്ങൾ വാഹനം ഓടിക്കുന്നത്. എങ്കിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാളിൽ വന്ന് സമ്മാനമടിച്ച് വീട്ടിൽ പോകാം.
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലാണ് മോട്ടോർ വാഹന വകുപ്പ് വ്യത്യസ്തമായ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. ഹെൽമറ്റ്, തവ തുടങ്ങിയവയാണ് സമ്മാനമായി നൽകുന്നത്.
സ്റ്റാളിൽ ഓരോ മണിക്കൂർ ഇടവിട്ട് നടത്തുന്ന പ്രശ്നോത്തരി മത്സരത്തിലൂടെയാണ് സമ്മാനം നൽകുന്നത്. ഗതാഗത നിയമങ്ങൾ, റോഡ് സുരക്ഷാ നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ചാണ് ചോദ്യങ്ങൾ. ഒന്നിലധികംപേർ ശരിയുത്തരം പറഞ്ഞാൽ നറുക്കിട്ടാണ് സമ്മാനം. പുതുതലുറക്ക് ഹരം പകരുന്ന പഴയകാല വാഹനങ്ങളായ രാജ്ദൂത് ബൈക്ക്, ലാംബി സ്കൂട്ടർ തുടങ്ങിയവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ വാഹനങ്ങളൊക്കെയും അതിന്റെ തനിമ നിലനിർത്തി സ്റ്റോക്ക് കണ്ടീഷനിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. 50ഓളം വർഷം പഴക്കുള്ള ഈ വാഹനങ്ങൾ കാണാനും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനും വൻ തിരക്കാണ്.
ഇരുചക്ര വാഹനം ഓടിച്ച് പഠിക്കുന്നവർക്കായി റൈഡർ ട്രെയിനറും ഇവിടെയുണ്ട്. കമ്പ്യൂട്ടർ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. സ്ക്രീനിൽ വാഹനം തെരഞ്ഞെടുത്തശേഷം യന്ത്രവത്കൃത ബൈക്കിൽ കയറിയിരുന്ന് സാധാരണ ബൈക്ക് ഓടിക്കുന്നതുപോലെ ഓടിക്കാം. ഗിയർ മാറ്റാനും ആക്സിലേറ്റർ, ബ്രേക്ക് എന്നിവ ഉപയോഗിക്കാനും സാധിക്കും. ഹോണ്ട മോട്ടോർ കോർപ്പുമായി സഹകരിച്ചാണ് മോട്ടോർ വാഹന വകുപ്പ് സ്റ്റാളിൽ ഇത് സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.