കരിമണൽ കടത്താനുള്ള നീക്കം വീണ്ടും തടഞ്ഞു
text_fieldsആറാട്ടുപുഴ: ഏറെ നാളായി കെട്ടടങ്ങിക്കിടന്ന കരിമണൽ ഖനന വിഷയത്തിന് തീരത്ത് വീണ്ടും ചൂടുപിടിക്കുന്നു. വലിയഴീക്കൽ പൊഴി ആഴം കൂട്ടുന്നതിെൻറ മറവിൽ കരിമണൽ ഖനനം നടത്താനുള്ള സർക്കാറിെൻറ നീക്കമാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
വലിയഴീക്കലിൽനിന്ന് ചവറ ഐ.ആർ.ഇയിലേക്ക് കരിമണൽ കൊണ്ടുപോകാനുള്ള നീക്കം പ്രതിഷേധത്തെത്തുടർന്ന് ബുധനാഴ്ചയും തടസ്സപ്പെട്ടു. രാവിലെ 9.30ഓടെ മണൽ കയറ്റിയ ലോറി വലിയഴീക്കലിൽതന്നെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ രണ്ടുതവണയും കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നത്. എന്നാൽ, ബുധനാഴ്ച ലോറി തടയാൻ നാട്ടുകാരും രംഗത്തെത്തി. ലോറിക്ക് മുന്നിൽ കിടന്നുവരെ നാട്ടുകാർ പ്രതിഷേധിച്ചു.
സമരത്തിന് നേതൃത്വം നൽകിയ ജി.എസ്. സജീവൻ, ബിജു ജയദേവ്, അച്ചു ശശിധരൻ, എച്ച്. ഹരിലാൽ, വി. ബിജു, എസ്. സുധീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റുവരിച്ച സമരക്കാരും ഐ.ആർ.ഇ പ്രതിനിധികളും കാർത്തികപ്പള്ളി തഹസിൽദാർ ഡി.സി. ദിലീപ് കുമാർ, എൽ.ആർ വിഭാഗം തഹസിൽദാർ എം. ബിജുകുമാർ, സി.ഐ ടി. ദിലീഷ് എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താൻ കഴിയാതെ പിരിഞ്ഞു.
മണൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളെക്കുറിച്ച് കലക്ടറെ ധരിപ്പിക്കുമെന്ന് തഹസിൽദാർ പറഞ്ഞു. നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്തിട്ടും സമരം തുടർന്ന നാട്ടുകാർ ഉച്ചക്ക് 1.30ഓടെ കയറ്റിയ മണൽ തിരികെ ഇട്ടതിനുശേഷമാണ് പിരിഞ്ഞുപോയത്. അറസ്റ്റ് ചെയ്ത എല്ലാവരെയും പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.