മുഹമ്മ ബോട്ട് ദുരന്തത്തിന് 22 വർഷം; ഇനിയും മെച്ചപ്പെടാതെ ബോട്ട് സർവിസ്
text_fieldsമുഹമ്മ: നാടിനെ കണ്ണീരിൽ മുക്കി 29 പേരുടെ ജീവൻ കവർന്ന മുഹമ്മ-കുമരകം ബോട്ട് ദുരന്തത്തിന് ശനിയാഴ്ച 22 വർഷം. അപകടം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും അപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷന്റെ നിർദേശങ്ങൾ പലതും ജലരേഖയായി തുടരുന്നു. ഇന്നും സർവിസ് നടത്തുന്നത് കാലപ്പഴക്കം ചെന്ന ബോട്ടുകൾ. രണ്ട് ബോട്ട് ഉണ്ടായിരുന്ന ഇവിടെ ഒരാഴ്ചയായി സർവിസ് നടത്തുന്നത് ഒറ്റ ബോട്ട്. മൂന്ന് ബോട്ട് എങ്കിലും വേണ്ട സ്ഥാനത്താണ് ഇപ്പോൾ ഒറ്റ ബോട്ടുകൊണ്ട് ഓടിക്കുന്നത്.
സർവിസ് കുറഞ്ഞതോടെ ദിവസവും 800നും ആയിരത്തിനുമിടക്ക് ഉണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം 300-375 ലേക്ക് ചുരുങ്ങി. തണ്ണീർമുക്കം ബണ്ട് വഴി സഞ്ചരിക്കുന്നതിനെക്കാൾ സമയക്കുറവും ചെലവ് നഷ്ടവും ഒഴിവാക്കാമെന്നത് കൊണ്ടും ഇരുചക്ര വാഹനങ്ങളടക്കം കയറ്റാമെന്നതുമാണ് യാത്രക്കാർ ബോട്ട് സർവിസിനെ ഏറെ ആശ്രയിച്ചിരുന്നത്.
വേമ്പനാട്ടുകായലിലെ ഏറ്റവും ആഴമുള്ള ഭാഗത്തുകൂടി ഒമ്പത് കിലോമീറ്റർ ദൂരം മുക്കാൽ മണിക്കൂർ ആണ് യാത്ര. നടുക്കായലിൽ കാലാവസ്ഥ പ്രതികൂലമായാൽ ബോട്ടുകൾ കേടായി യാത്രക്കാർ കുടുങ്ങുന്നതും മൺതിട്ടകളിൽ ഇടിച്ച് ബോട്ടിന്റെ ദിശതെറ്റി നിയന്ത്രണം വിടുന്നതും സാധാരണയാണ്. മൺതിട്ടകൾ കൃത്യമായ ഇടവേളകളിൽ നീക്കാത്തതാണ് ഇതിന് കാരണം.
മത്സ്യത്തൊഴിലാളി വള്ളങ്ങളും ബോട്ടുകളും ടൂറിസം ബോട്ടുകളും നിരവധിയുള്ള ഇവിടെ നടുക്കായലിൽ അപകടം ഉണ്ടായാൽ 40 മിനിറ്റ് താണ്ടാതെ കരക്ക് എത്താൻ പറ്റില്ല. ഇതിന് പരിഹാരമായി കായലിന്റെ നടുക്ക് എമർജൻസി ബോട്ട് ജെട്ടി വേണമെന്ന ആവശ്യത്തിനും ഇനിയും പരിഹാരമായിട്ടില്ല. മുഹമ്മയിൽനിന്ന് രാവിലെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കുപോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടാണ് അപകടത്തിൽപെട്ടത്.
കുമരകം ജെട്ടിയിൽ എത്തുന്നതിന് ഒരു കിലോമീറ്റർ ബാക്കിനിൽക്കേയാണ് അപകടം സംഭവിച്ചത്. പിഞ്ചുകുഞ്ഞ് ഉൾപ്പെടെയാണ് ദുരന്തത്തിൽ മരിച്ചത്. പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ എഴുതാൻ കോട്ടയത്തേക്കുപോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.