ആലപ്പുഴയിൽ കാഴ്ചവിരുന്നൊരുക്കി ചുവർചിത്രങ്ങൾ
text_fieldsആലപ്പുഴ എസ്.ഡി.വി സ്കൂളിന്‍റെ മതിലിൽ ചിത്രംവരക്കുന്നു
ആലപ്പുഴ: കാഴ്ചവിരുന്നൊരുക്കി പട്ടണത്തിലെ പ്രധാന ചുവരുകളിലും കനാൽക്കരയിലും ചിത്രങ്ങൾ നിറഞ്ഞു.കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ മേൽനോട്ടത്തിൽ നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്നതിന്‍റെ ഭാമായാണ് വിദ്യാർഥികളടക്കമുള്ള കലാകാരന്മാരുടെ നേതൃത്വത്തിൽ 'വരമൊഴി' ചിത്രരചനയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്. 'ലോകമേ തറവാട്' ആലപ്പുഴ ബിനാലെ നൽകിയ കലാദിനങ്ങളെ വീണ്ടും അനുസ്മരിച്ചാണ് ചിത്രങ്ങൾ വരച്ചത്.
ആലപ്പുഴയുടെ പൈതൃകം വിളിച്ചോതുന്നതും പഴയകാല ഓര്‍മകളെ അനുസ്മരിച്ചുമാണ് ചിത്രങ്ങൾ ഏറെയും. എൻ.സി ജോൺ കമ്പനി, എസ്.ഡി.വി സ്കൂൾ, കല്ലുപാലത്തിന് വശങ്ങൾ, ലൈറ്റ് ഹൗസിന് സമീപം, സ്പോർട്സ് കൗൺസിൽ എന്നിവയുടെ മതിൽ ഇടങ്ങളിലാണ് കൂറ്റൻ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്ത ചിത്രകാരി അന്‍പു വര്‍ക്കി മുതല്‍ കലാവിദ്യാർഥികള്‍ വരെ അണിനിരന്നാണ് മുഖച്ഛായ മാറ്റുന്നത്.
ആര്‍ട്ടിസ്റ്റുകളായ മോന ഇസ, ആന്‍റോ ജോർജ്, ശിൽപ മേനോന്‍, കാജല്‍ ദത്ത്, ബ്ലൈസ് ജോസഫ്, സുദര്‍ശന ബി. ഷേണായ്, പി. ശ്രുതി, ടി.എം. അശ്വതി, ജെ. അമൃത, എ.കെ. വസുന്ധര, കാവ്യ എസ്. നാഥ്, പ്രണവ് പ്രഭാകരന്‍, ജിനില്‍ മണികണ്ഠന്‍, അർജുന്‍ ഗോപി, കെ.വി. വിഷ്ണു, പ്രിയന്‍ തുടങ്ങി കലാകാരന്മാരാണ് നഗരത്തിലെ ചുവരുകൾ മനോഹരമാക്കിയത്. രണ്ടാംഘട്ടത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്‍ പരിസരം, സബ് ജയില്‍ ചുവരുകള്‍, ചില്ല ആര്‍ട്ട് കഫേ ഭാഗം, നഗരചത്വരം, ഇ.പി.സി കമ്പനി ഭാഗം എന്നിവിടങ്ങളിലെ ചുവരുകളിലേക്ക് കാൻവാസ് വ്യാപിപ്പിക്കും.
പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാൽക്കരയിൽ വരച്ച ചുവർചിത്രങ്ങൾ
മുസ്രിസ് പ്രോജക്ട് നടപ്പാക്കുന്ന കനാല്‍ സൗന്ദര്യവത്കരണത്തിന്‍റെ ആദ്യഘട്ടമായി കല്ലുപാലം കനാൽക്കര ഉദ്യാനവത്കരിച്ച് റിഫ്രെഷ്മെന്‍റ് സെന്‍ററാക്കും. ഇതിനൊപ്പം ശുചിമുറികളും സജ്ജമാകും. ശവക്കോട്ടപാലം കനാൽക്കരകള്‍ ലാൻഡ് സ്കേപ്പും പുല്‍ത്തകിടികളും ഒരുക്കും. മുപ്പാലത്തിനും ലൈറ്റ്ഹൗസിനും ഇടയിലെ കനാൽക്കര വിശ്രമകേന്ദ്രമാക്കി മാറ്റുക, കനാൽക്കരകളില്‍ ഫുട്പാത്ത്, സൈക്കിള്‍ ട്രാക്ക് എന്നിവ ഒരുക്കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.