'എെൻറ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്‍: ആലപ്പുഴയിലെ സര്‍ക്കാര്‍ ഓഫിസ് ഇനി വിരൽത്തുമ്പിൽ; വിവരങ്ങള്‍ അറിയാം, മാർക്കിടാം
text_fieldsആലപ്പുഴ: സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫിസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി ഗൂഗിളില്‍ തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫിസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനോ വഴിയെന്തെന്ന് ആലോചിക്കേണ്ടതുമില്ല. ഇതിനെല്ലാമുള്ള സാധ്യതകളാണ് 'എെൻറ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നത്.
എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെൻറര്‍ വികസിപ്പിച്ച ഈ ആപ്ലിക്കേഷനിലുള്ളത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷനില്‍ പ്രവേശിച്ചാലുടന്‍ ജില്ല തെരഞ്ഞെടുത്ത് മുന്നോട്ടു പോകാം. മറ്റ് പേജുകളില്‍ വകുപ്പ് അല്ലെങ്കില്‍ സ്ഥാപനം തിരഞ്ഞാൽ ഓഫിസുകളുടെ പട്ടിക തെളിയും. ഇവിടെ ആവശ്യമുള്ള ഓഫിസിെൻറ പേരില്‍ ക്ലിക്ക് ചെയ്യാം. ഉദാഹരണത്തിന് ആലപ്പുഴ ജില്ലയുടെ പ്രധാന പേജില്‍ ആദ്യം കാണുന്ന റവന്യൂ വകുപ്പ് തെരഞ്ഞെടുത്താല്‍ കലക്ടറേറ്റ് മുതല്‍ വില്ലേജ് ഓഫിസ് വരെ റവന്യൂ കാര്യാലയങ്ങളുടെ പട്ടിക കാണാം.
ഒരു ഓഫിസ് തെരഞ്ഞെടുത്താല്‍ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും ഓപ്ഷനുകളും തെളിയും. മേക്ക് എ കോള്‍ എന്ന ഓപ്ഷനിൽ ആ ഓഫിസിലെ ഫോണ്‍ നമ്പറുകള്‍ കാണാം.
ആപ്ലിക്കേഷനില്‍നിന്ന് നേരിട്ട് കോള്‍ ചെയ്യാം. ലൊക്കേറ്റ് ഓണ്‍ മാപ്പ് എന്ന ഓപ്ഷന് തെരഞ്ഞെടുത്താല്‍ ഓഫിസ് എവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്കി രജിസ്റ്റര്‍ ചെയ്ത് ഓഫിസിെൻറ പ്രവര്‍ത്തനം വിലയിരുത്താം. ഇവിടെ ഓഫിസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാര്‍ റേറ്റിങ് നൽകുകയുമാകാം.
ആവലാതി ബോധിപ്പിക്കാം; ഇടപെടലുണ്ടാകും...
ഇ-മെയില്‍ അയയ്ക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. പൊതുജനങ്ങള്‍ നല്കുന്ന റേറ്റിങും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്ക്കും കാണാം. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫിസുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനും സൗകര്യമുണ്ട്. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍ അതത് വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വര്‍ധിപ്പിക്കുന്നതിന് ആപ്ലിക്കേഷന്‍ സഹായകമാകുമെന്നും ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ പറഞ്ഞു.
റവന്യൂ, പൊലീസ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, ആരോഗ്യം, തദ്ദേശഭരണം, കെ.എസ്.ഇ.ബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷന്, മൃഗസംരക്ഷണം, ഫിഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിരക്ഷ, ടൂറിസം, കെ.എസ്.എഫ്.ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്മെൻറ്, വനം, എക്സൈസ്, ജി.എസ്.ടി, തുറമുഖം, ജന്‍ ഔഷധി സ്റ്റോറുകള്‍ എന്നിവയാണ് ജില്ലയുടെ പ്രധാന പേജില്‍ ഇപ്പോഴുള്ളത്.
മറ്റ് പ്രധാന ജില്ല ഓഫിസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്ന് ജില്ല വികസന കമീഷണര്‍ കെ.എസ്. അഞ്ജു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.