ദേശീയ ഗെയിംസ് ബീച്ച് ഫുട്ബാൾ കീരിടം: അഭിമാനത്തോടെ മണ്ണഞ്ചേരിയും കാവുങ്കലും
text_fieldsമണ്ണഞ്ചേരി: ഗോവയിൽ നടന്ന ദേശീയ ഗെയിംസ് ബീച്ച് ഫുട്ബാളിൽ കേരളം നേടിയ സ്വർണം മണ്ണഞ്ചേരിക്കും കാവുങ്കലിനും അഭിമാനമാകുന്നു. സ്വർണ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ക്യാപ്റ്റൻ ലെനിൻ മിത്രയും അംഗം മുഹമ്മദ് ഉനൈസും ഈ നാട്ടുകാരാണ്. ആതിഥേയരായ ഗോവക്ക് എതിരെ ഉനൈസ് രണ്ട് ഗോൾ നേടി.
ഗോവ, ഝാർഖണ്ഡ്, ഡൽഹി, ലക്ഷദ്വീപ് ടീമുകളെ ലീഗിൽ പരാജയപ്പെടുത്തി സെമിയിൽ ഇടംപിടിച്ച കേരളം കരുത്തരായ പഞ്ചാബിനെ തകർത്താണ് ഫൈനലിൽ എത്തിയത്. ഫൈനലിൽ ഗോവയെ തോൽപിച്ച് കിരീടം നേടി. ജില്ല ഫുട്ബാൾ ടീം അംഗങ്ങളാണ് ഇരുവരും.
മണ്ണഞ്ചേരി വല്യപുരക്കൽ അൻസാരിയുടെ മകനായ മുഹമ്മദ് ഉനൈസ് (23) പ്ലസ് ടു പഠനത്തിന് ശേഷം മൂന്ന് വർഷമായി കോഴിക്കടയിൽ തൊഴിലാളിയാണ്. മണ്ണഞ്ചേരി യങ് സ്റ്റാറിലെ കളിക്കാരനായ ഉനൈസ് ജോലി കഴിഞ്ഞുള്ള സമയം മുഴുവൻ ഫുട്ബാളിനായി നീക്കിവെച്ചിരിക്കുന്നു. നേരത്തേ സ്പെയിനിലെ എ.ഡി.എ അൽഖ്വർണ ടീമിൽ അവസരം കിട്ടിയെങ്കിലും സാമ്പത്തിക പ്രയാസത്തെ തുടർന്ന് പോകാൻ കഴിഞ്ഞില്ല.
മുഹമ്മ വടക്കേ കാവുങ്കൽ മിത്രാലയത്തിൽ ഷണ്മുഖന്റെ മകൻ ലെനിൻ മിത്രൻ (മത്തായി -27) കാവുങ്കൽ ഗ്രാമീണയുടെ കളിക്കാരനാണ്. തിരുവനന്തപുരം സ്പോർട്സ് ഹോസ്റ്റലിൽ താമസിച്ച് ഫുട്ബാൾ കളിക്കുന്നു. ഐ ലീഗ് ഫുട്ബാളിൽ ചെന്നൈക്കായി കളിച്ചിട്ടുണ്ട്. കാസർകോട് ചെറുവത്തൂർ മാവേലി കടപ്പുറത്ത് ക്യാമ്പിലായിരുന്നു ഇരുവരുടെയും അവസാന പരിശീലനം. സ്വർണത്തിൽ മുത്തമിട്ട ഇരുവർക്കും വൻ സ്വീകരണം കൊടുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.