ദേശീയപാത നിർമാണം; കായംകുളത്ത് കെ.എസ്.ആർ.ടി.സിയിലെ അടിപ്പാതയിലും വ്യക്തതയില്ല
text_fieldsകായംകുളം: ദേശീയപാത വികസനത്തിൽ കായംകുളത്ത് അടിപ്പാത നിർമിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവ്യക്തത തുടരുന്നു. എ.എം. ആരിഫ് എം.പി അടിപ്പാതകളുടെയും മേൽപാതകളുടെയും പുതിയ പട്ടിക പുറത്തുവിട്ടപ്പോൾ കെ.എസ്.ആർ.ടി.സി ഭാഗത്തെ അടിപ്പാതയെക്കുറിച്ച് വ്യക്തതയില്ല. പ്രതിഷേധം ശക്തമായപ്പോൾ ദേശീയപാത അധികൃതർ കെ.എസ്.ആർ.ടി.സി ഭാഗത്ത് അടിപ്പാത നിർമിക്കുമെന്ന് പറഞ്ഞിരുന്നു.
അതിനിടെ ദേശീയപാത വികസനം സംബന്ധിച്ച് എ.എം. ആരിഫ് എം.പി ഉയർത്തുന്ന വാദങ്ങൾക്കെതിരെ പ്രതിഷേധവും ഉയരുന്നു. കായംകുളം കായലിന് കുറുകെ പാലം പണിയുന്നതിലുള്ള ബുദ്ധിമുട്ടുകളാണ് ഉയരപ്പാതക്ക് തടസ്സമായി എം.പി ചൂണ്ടിക്കാട്ടുന്നത്. പുതിയ പാലം വരുന്നതിലൂടെ മൂന്ന് വർഷത്തോളം നഗരത്തിൽ യാത്രാപ്രതിസന്ധി നേരിടുമെന്നാണ് എം.പിയുടെ പ്രസ്താവനയിൽ പറയുന്നത്. ഒരു നാടിനെ എക്കാലത്തേക്കും വെട്ടിമുറിക്കുമ്പോൾ നേരിടുന്ന പ്രയാസത്തോളം ഇത് വരില്ലെന്ന മറുവാദമാണ് ജനം ഉയർത്തുന്നത്.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും എം.പി പ്രതിനിധാനം ചെയ്യുന്ന കരുനാഗപ്പള്ളിയിലും പ്രാദേശിക ഘടന അനുസരിച്ച് മേൽപാലം അനുവദിച്ചപ്പോൾ കായംകുളത്തോട് മാത്രമാണ് അവഗണനയുണ്ടായത്. തൊട്ടടുത്ത മണ്ഡലമായ ഹരിപ്പാട് അഞ്ച് കിലോമീറ്ററിൽ നാല് മേൽപാലമാണ് അനുവദിച്ചത്. ഏഴ് അടിപ്പാതകളുമുണ്ട്. തീരദേശ ഗ്രാമങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന നാട്ടിൽ മേൽപാലം അനിവാര്യമാണെന്ന് സമർഥിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു. കൂടാതെ രാമപുരം മുതൽ കൃഷ്ണപുരം വരെ എട്ട് കിലോമീറ്ററിൽ നാല് അടിപ്പാതയാണ് നൽകിയിരിക്കുന്നത്. കോളജ് ജങ്ഷൻ പരിഗണനയിലുണ്ടെന്നാണ് എം.പി പറയുന്നത്.
എം.പി പുറത്തുവിട്ട പുതിയ പട്ടിക അനുസരിച്ച് വള്ളംകളി നടക്കുന്ന കായലോരം, മൾട്ടിപ്ലക്സ് തിയറ്റർ, ടൗൺഹാൾ, മസ്ജിദ് എന്നിവ നിലകൊള്ളുന്ന പടിഞ്ഞാറൻ ഭാഗത്തേക്കുള്ള പ്രവേശനം അടഞ്ഞതായി ബോധ്യമാകുന്നുവെന്ന് ചുണ്ടിക്കാട്ടപ്പെടുന്നു. അനുവദിച്ച അടിപ്പാതകളിൽ ഭൂരിഭാഗവും ചെറുകിട വാഹനങ്ങൾ കടന്നുപോകുന്നവയാണെന്ന പ്രത്യേകതയുമുണ്ട്. പ്രധാന ജങ്ഷനായ മുക്കടയിൽ നിർമാണം തുടങ്ങിയ അടിപ്പാത ഇതിന് ഉദാഹരണമാണ്. തിരക്കേറിയ കരീലക്കുളങ്ങര, നഗരത്തിന്റെ വടക്ക് ഭാഗത്തുനിന്ന് മാർക്കറ്റിലേക്ക് തിരിയുന്ന ഷഹിദാർ ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ അടിപ്പാതകൾ വേണമെന്ന ആവശ്യവും അട്ടിമറിക്കപ്പെട്ടു. തീരദേശത്തുനിന്ന് നഗരത്തിലേക്കുള്ള സുപ്രധാന കവാടമായ കോളജ് ജങ്ഷനിൽ ആദ്യ രൂപരേഖയിൽ ഒരു നിർമിതിയും നിർദേശിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നതിലൂടെ ശരിയായ പഠനമില്ലാതെയാണ് തയാറാക്കിയതെന്നാണ് തെളിയുന്നതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു. ഉയരപ്പാതക്ക് ഭൂമിശാസ്ത്രഘടനയാണ് തടസ്സമെന്നാണ് എം.പി പറയുന്നത്. കായംകുളത്ത് തൂണുകളിൽ ഉയരപ്പാത സ്ഥാപിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.