ദേശീയപാത വികസനം: ഉയരപ്പാത സമരം കരുത്താർജിക്കുന്നു
text_fieldsകായംകുളം: ദേശീയപാതയിൽ നഗരത്തെ കോട്ടകെട്ടി തിരിക്കാതെ ഉയരപ്പാത സ്ഥാപിക്കണമെന്ന നിർദേശവുമായി തുടങ്ങിയ ജനകീയ സമരം കരുത്താർജിക്കുന്നു. സത്യഗ്രഹവും മനുഷ്യച്ചങ്ങലയും കഴിഞ്ഞ് നൈറ്റ് മാർച്ചിലേക്ക് എത്തിയതോടെ സമരത്തിന് ബഹുജന പിന്തുണ വർധിക്കുകയാണ്.
യു. പ്രതിഭ എം.എൽ.എ ഉയരപ്പാത ആവശ്യമുന്നയിച്ച് ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്തുനൽകി. ജില്ലയിലെ മറ്റ് അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രാദേശിക സാധ്യതകൾ പരിഗണിച്ച് ഉയരപ്പാതകൾ അനുവദിച്ചപ്പോഴാണ് കായംകുളത്തെ മാത്രം അവഗണിച്ചത്. തൊട്ടടുത്ത മണ്ഡലമായ ഹരിപ്പാട് അഞ്ച് കിലോമീറ്ററിനുള്ളിൽ നാല് ഉയരപ്പാതകളാണ് സ്ഥാപിക്കുന്നത്. എന്നാൽ, കായലോര നഗരവും തീരവാസികൾ ആശ്രയിക്കുന്നതുമായ പ്രദേശത്തിെൻറ ഭൂമിശാസ്ത്ര ഘടന പരിഗണിക്കാതെ വികസനം രൂപപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കാലവർഷത്തിെൻറ തുടക്കത്തിൽ തന്നെ പാതയുടെ ഇരുവശവും വലിയ വെള്ളക്കെട്ടുകളായത് ജനങ്ങളുടെ രോഷം ഉയർത്തുന്നതിന് കാരണമായി.
നഗരത്തെ രണ്ടായി വേർതിരിക്കുന്ന തരത്തിലാണ് നിലവിൽ പാത ആസൂത്രണം. കൊറ്റുകുളങ്ങര മുതൽ ചിറക്കടവം വരെ ഏഴ് മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ കോട്ടകെട്ടി തിരിക്കുന്നതോടെ നഗരം പടിഞ്ഞാറും കിഴക്കുമായി വിഭജിക്കപ്പെടും. സമരം പഞ്ചായത്ത്-വാർഡുതലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ആലോചനകളും നടക്കുന്നു. ഇതിെൻറ ഭാഗമായി സമരത്തെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സംഘടനകളുടെയും യോഗം ഉടൻ ചേരും.
യു. പ്രതിഭ എം.എൽ.എ കത്തയച്ചു
കായംകുളം: ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി ദേശീയപാത അതോറിറ്റി ചെയർമാൻ, റീജനൽ ഓഫിസർ, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് യു. പ്രതിഭ എം.എൽ.എ കത്ത് നൽകി. ജില്ലയിൽ അരൂർ മുതൽ കായംകുളം വരെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ കായംകുളം മണ്ഡലത്തിൽ മാത്രമാണ് മേൽപാലം ഇല്ലാത്തത്.
പ്രധാന വാണിജ്യ കേന്ദ്രമായ നിയോജക മണ്ഡലത്തിൽ മേൽപാലം അനുവദിക്കാത്തത് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ സാരമായി ബാധിക്കും. വിഷയത്തിൽ നാട്ടുകാരും വ്യാപാരികളും സമരം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് പരിഹാരമെന്ന നിലയിൽ മേൽപാലം സ്ഥാപിക്കണമെന്നാണ് എം.എൽ.എയുടെ ആവശ്യം.
ആവേശമായി നൈറ്റ് മാർച്ച്
കായംകുളം: ദേശീയപാത വികസനത്തിൽ നഗരത്തിൽ തൂണുകളിൽ ഉയരപ്പാത സ്ഥാപിക്കണമെന്ന ആവശ്യവുമായി സമരസമിതി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ശ്രദ്ധേയമായി.ഷഹീദാർ മസ്ജിദ് ജങ്ഷനിൽനിന്ന് നഗരം ചുറ്റി ചിറക്കടവം വരെ നടത്തിയ മാർച്ചിൽ നൂറുകണക്കിനീപേർ അണിനിരന്നു.
സത്യഗ്രഹത്തിനും മനുഷ്യച്ചങ്ങലക്കും ശേഷം മൂന്നാംഘട്ടമായാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. ജനസദസ്സ്, രാപ്പകൽ സമരം, ബോധവത്കരണം, നിയമപരമായ ഇടപെടൽ എന്നിവയാണ് തുടർ പരിപാടികളെന്ന് ഭാരവാഹികൾ പറഞ്ഞു. മുൻ എം.പിയും സാമൂഹിക പ്രവർത്തകനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ദിനേശ് ചന്ദന, അഡ്വ. ഇ. സമീർ, പാലമറ്റത്ത് വിജയകുമാർ എന്നിവർ സംസാരിച്ചു.
ഐക്യദാർഢ്യവുമായി സെബാസ്റ്റ്യൻ പോൾ
കായംകുളം: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ഓണാട്ടുകരയിൽ ജന്മബന്ധങ്ങളുള്ള സാമൂഹിക പ്രവർത്തകനും മുൻ എം.പിയുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ എത്തിയത് സമരക്കാർക്ക് ആവേശമായി.
തൂണുകളിലെ ഉയരപ്പാത ആവശ്യവുമായി നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് ജന്മബന്ധങ്ങൾ പങ്കുവെച്ചത്. കറ്റാനത്ത് ജനിച്ച് കായംകുളം സെന്റ് ആന്റണീസ് പള്ളിയിൽ മാമോദീസ ചടങ്ങുകൾ നടത്തപ്പെട്ട ആളാണ് താനെന്ന വെളിപ്പെടുത്തൽ നാടിന് പുതിയ അറിവായിരുന്നു. ഓലകെട്ടിയമ്പലത്തിലെ കുടുംബവേരുകളും പങ്കുവെച്ചു. തൂണുകളിലെ ഉയരപ്പാത ആവശ്യത്തിനായി നടക്കുന്ന തുടർസമരങ്ങളിൽ പങ്കാളിയാകുമെന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.