കലവൂരിൽ കുഴികൾ എണ്ണി വാഹന യാത്രികർ
text_fieldsകലവൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ നടന്നതോടെ റോഡിലെ കുഴികൾ വാഹനയാത്രികരുടെ നടുവൊടിക്കുന്ന അവസ്ഥയിലായി. ഇരുചക്ര യാത്രികർ അപകടത്തിൽപെടുന്നതും നിത്യസംഭവമായി. കലവൂർ ഉൾപ്പെടെയുള്ള ജങ്ഷനുകളിലെ അപകടാവസ്ഥ സ്കൂളുകൾ തുറക്കുന്നതോടെ കൂടുതൽ സങ്കീർണമാകും. ഉയരത്തിൽ പുനർനിർമിക്കുന്ന പുതിയ പാതയുടെ വശങ്ങളിൽ നിരത്തിയ പൂഴി മഴയത്ത് റോഡിൽ ഒഴുകിയെത്തുന്നത് അപകടം വിളിച്ചുവരുത്തുന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വശങ്ങളിലെ തോടുകൾ നികത്തിയതോടെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. പാതിരപ്പള്ളി മുതൽ വളവനാട് വരെ ദേശീയപാതയിലൂടെ വന്ന് മാരാരിക്കുളം കളിത്തട്ടിന് തെക്കുള്ള തോട്ടിലൂടെ കടലുമായി ബന്ധിപ്പിച്ചിരുന്ന തോടും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ റോഡിലൂടെയും സമീപപ്രദേശങ്ങളിൽനിന്നുമായി ഒഴുകി വരുന്ന വെള്ളം കെട്ടിനിൽക്കുകയാണ്. അടിപ്പാത നിർമാണത്തിനായി വളവനാട്, കലവൂർ, കെ.എസ്.ഡി.പി തുടങ്ങിയ ഭാഗങ്ങളിൽ നിർമിച്ച താൽക്കാലിക റോഡിലും കുഴികളാണ്.
റോഡിന്റെ വശങ്ങളിലെ കാന നിർമാണവും വൈകുകയാണ്. കാന നിർമാണം പൂർത്തിയാവുമ്പോൾ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നാണ് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രണ്ട് ഇടറോഡുകൾ പൊളിച്ചിട്ട് ഒരു മാസത്തിലേറെയായി. കലവൂർ ജങ്ഷന് തെക്ക് ബർണാർഡ് ജങ്ഷൻ, കയർ ബോർഡിന് സമീപം എന്നിവിടങ്ങളിലുള്ളവരാണ് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിഷമിക്കുന്നത്. കയർ കയറ്റുമതി സ്ഥാപനമായ പാം ഫൈബർ, എൻ.സി. ജോൺ കമ്പി, ആകാശവാണി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ജോലിക്കും മറ്റും കിഴക്ക് ഭാഗത്തുള്ളവർ എത്തുന്ന വഴിയാണിത്. ഇപ്പോൾ ഇവിടെയുള്ളവർ മൂന്നര കിലോമീറ്ററോളം അധികം സഞ്ചരിച്ച് പാതിരപ്പള്ളി വഴിയാണ് ദേശീയപാതയിൽ പ്രവേശിക്കുന്നത്. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.