ദേശീയപാത വികസനം: അതിരുനിർണയത്തിൽ വീഴ്ച ഭൂമി ഇനിയും ഏറ്റെടുക്കണം
text_fieldsആലപ്പുഴ: ദേശീയപാത ആറുവരിയിൽ പുനർനിർമിക്കുന്നതിന് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നതിൽ പലയിടത്തും പോരായ്മ കണ്ടെത്തി. ചിലയിടങ്ങളിൽ വീതി കുറഞ്ഞതാണ് പ്രശ്നം. ജില്ലയിൽ ശരാശരി 30 മീറ്ററായിരുന്നു ദേശീയപാതയുടെ വീതി. 15 മീറ്റർ കൂടി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാകാറായപ്പോഴാണ് പ്രശ്നം കണ്ടത്. ആലപ്പുഴ പറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെ ജില്ലയിലെ രണ്ടാം ഭാഗത്താണ് പ്രശ്നം കൂടുതൽ. തുറവൂർ-പറവൂർ ഭാഗത്ത് കൃത്യമായ അളവിലാണ് ഭൂമിയേറ്റെടുത്തത്. നിർമാണക്കരാർ ഏറ്റെടുത്ത കമ്പനി റോഡിന്റെ വീതിയളന്ന് തുടങ്ങിയപ്പോഴാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്.
അതിർത്തിക്കല്ലിട്ടപ്പോഴുണ്ടായ പ്രശ്നവും ചിലയിടങ്ങളിൽ ആളുകൾ കല്ലു മാറ്റിയിട്ടതും വിനയായിട്ടുണ്ട്. വീതിക്കുറവുള്ളിടങ്ങളിൽ ഭൂമിയേറ്റെടുത്താലേ പ്രശ്നം പരിഹരിക്കാൻ കഴിയൂ.
ഭൂവുടമകൾക്ക് നേരത്തേ നൽകിയ നഷ്ടപരിഹാരത്തിന് ആനുപാതികമായി വിലനൽകി അധികഭൂമി ഏറ്റെടുക്കാൻ തടസ്സമില്ല. എന്നാൽ, ഇതിന് വിസമ്മതിച്ചാൽ പുതിയ വിജ്ഞാപനവും തുടക്കം മുതലുള്ള നടപടികളും വേണ്ടിവരും. നിർമാണക്കരാറുകാർ അപാകമുള്ള സ്ഥലങ്ങൾ കണ്ടെത്തി അറിയിക്കുന്നതനുസരിച്ച് ജില്ലയിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം തുടർനടപടി സ്വീകരിക്കും. കല്ലു മാറ്റിയിട്ടത് കണ്ടുപിടിക്കാൻ എളുപ്പമാണ്. ജില്ലയിൽ ദേശീയപാത വികസനത്തിനുവേണ്ടിവരുന്നതിൽ 106 ഹെക്ടറിൽ 102 ഹെക്ടറും ഏറ്റെടുത്തിട്ടുണ്ട്. 2912.84 കോടി രൂപ നഷ്ടപരിഹാരമായി വിതരണംചെയ്തു. തുറവൂർ മുതൽ കായംകുളം കൃഷ്ണപുരംവരെ 5,310 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കേണ്ടിയിരുന്നത്. ഇതിൽ 5,136 എണ്ണവും നീക്കിക്കഴിഞ്ഞു. 174 കെട്ടിടങ്ങളാണ് ശേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.