ദേശീയപാത: ഒ.എൻ.കെ ജങ്ഷനിൽ കവാടമില്ല അടിപ്പാത ആവശ്യപ്പെട്ട് ജനകീയസമരം
text_fieldsകായംകുളം: പുതിയ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് പടിഞ്ഞാറൻ പ്രദേശത്തുകാരെ വെട്ടിമാറ്റുന്നതിൽ പ്രതിഷേധം. തീരവാസികൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാവുന്ന എളുപ്പമാർഗം അടയുന്നതാണ് പ്രതിഷേധത്തിന് കാരണം. പ്രധാന സംസ്ഥാന തീരപാതയായ കാർത്തികപ്പള്ളി-പുല്ലുകുളങ്ങര-കായംകുളം റോഡ് ഒ.എൻ.കെ ജങ്ഷനിലൂടെയാണ് നഗരത്തിലേക്ക് കടക്കുന്നത്.
പുതിയ ദേശീയപാത നിർമാണത്തിൽ ഇവിടെ അടിപ്പാതയോ മറ്റ് സംവിധാനമോ ഇല്ലാത്തതിനാൽ യാത്രാവഴി സംബന്ധിച്ച് ആശങ്ക ശക്തമാകുകയാണ്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, മുതുകുളം, ചിങ്ങോലി, കണ്ടല്ലൂർ, പത്തിയൂർ പഞ്ചായത്ത് നിവാസികൾ പട്ടണത്തിലേക്ക് എത്താൻ ഈ വഴിയാണ് ആശ്രയിക്കുന്നത്. കിലോമീറ്ററുകൾ വടക്ക് മാറിയാണ് അടിപ്പാത നിർദേശിച്ചിട്ടുള്ളത്.
ഇങ്ങനെ വന്നാൽ നഗരത്തിലെത്താൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടിവരും. ഒ.എൻ.കെ ജങ്ഷനിൽ അടിപ്പാതക്ക് അനുമതി ലഭിക്കും വരെ പ്രക്ഷോഭ പരിപാടികൾക്കായി ജനകീയ സമിതി രൂപവത്കരിച്ചു. കൺവെൻഷനിൽ സമിതി ചെയർമാനായ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ അധ്യക്ഷത വഹിച്ചു.
കൺവീനർ ദിനേശ് ചന്ദന, വൈസ് ചെയർമാനായ കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, മുനിസിപ്പൽ ചെയർപേഴ്സൻ പി. ശശികല, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, സ്ഥിരം സമിതി അധ്യക്ഷ എ. ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, മുൻ നഗരസഭ ചെയർമാൻ ഷേക്ക് പി. ഹാരീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത, സുനിൽ കൊപ്പാറേത്ത്, നഗരസഭ കൗൺസിലർമാരായ എ.പി. ഷാജഹാൻ, ഹരിലാൽ, റെജി മാവനാൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം ബി. അബിൻഷ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനൻ, സി.പി.ഐ മണ്ഡലം സെകട്ടറി സുഭാഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സിനിൽ സബാദ്, ബിജു ഈരിക്കൽ, ഹരി അടുകാട്ട്, ബി. ഭദ്രകുമാർ, സി. സുജി, കോലത്ത് ബാബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.