ദേശീയ അധ്യാപക പുരസ്കാരം സജികുമാർ രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങി
text_fieldsആലപ്പുഴ: വിദ്യാർഥികൾക്ക് ചിത്രകലയുടെ പാഠങ്ങളിലൂടെ അറിവിെൻറ വെളിച്ചം പകർന്ന സജികുമാറിന് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്കി. വിഡിയോ കോൺഫറൻസിലൂടെയാണ് രാഷ്ട്രപതി രാജ്യത്തെ മികച്ച 47 അധ്യാപകർക്ക് ദേശീയ പുരസ്കാരം നല്കി ആദരിച്ചത്.
കലക്ടറേറ്റിൽ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെൻററില്‍ സജ്ജീകരിച്ച വിഡിയോ കോൺഫറൻസ് ഹാളിൽവെച്ചാണ് സജികുമാർ ആദരവ് ഏറ്റുവാങ്ങിയത്. കലക്ടർ എ. അലക്സാണ്ടറും അദ്ദേഹത്തെ അനുമോദിച്ചു.
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ ചിത്രകല അധ്യാപകനായ വി.എസ്. സജികുമാർ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ചിത്രകല അഭ്യസിപ്പിക്കുന്നത്. സംഗീതം, ശബ്ദമിശ്രണം, ശിൽപനിർമാണം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും കലാപഠനത്തിന് നൽകിയ സമഗ്ര സംഭാവനകളുമാണ് 29 വർഷമായി അധ്യാപന രംഗത്തുള്ള സജികുമാറിനെ ദേശീയ പുരസ്കാരത്തിലേക്ക് എത്തിച്ചത്.
വിവിധ വിദ്യാലയങ്ങളിലായി 20ൽപരം സിമൻറ് ശിൽപങ്ങൾ തീർത്തിട്ടുണ്ട്. 2000ലധികം ചതുരശ്ര അടിയിൽ വിവിധ വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ചുവർചിത്രങ്ങൾ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മാവേലിക്കര രാജ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിലെ പഠനത്തിനുശേഷം കലാധ്യാപകനായി 1990 മുതൽ അന്തമാൻ, മിനിക്കോയി, മലപ്പുറം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ നവോദയ വിദ്യാലയങ്ങളിൽ ജോലി ചെയ്തശേഷമാണ് ചെന്നിത്തലയിൽ എത്തിയത്. കൊട്ടാരക്കര വെട്ടിക്കവല ലീന നിവാസിൽ ടി.കെ. ശ്രീധരൻ-ലീന ദമ്പതികളുടെ മകനാണ്. ബിജിയാണ് ഭാര്യ.
ശ്രുതി, വിശ്വജിത്ത് എന്നിവർ മക്കളും. വെട്ടിക്കവല ഗവ. മോഡൽ എച്ച്.എസിൽ ഹെഡ്മാസ്റ്ററായിരുന്ന പിതാവ് ശ്രീധരന് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.