ജില്ലയിൽ എൻ.സി.പി പിളർന്നു; അജിത് പവാർ വിഭാഗം ജില്ല കമ്മിറ്റി രൂപവത്കരിച്ചു
text_fieldsആലപ്പുഴ: ജില്ലയിൽ എൻ.സി.പി പിളർപ്പ് പ്രകടമാക്കി അജിത് പവാർ വിഭാഗം പുതിയ ജില്ല കമ്മിറ്റി രൂപവത്കരിച്ചു. ദേശീയതലത്തിൽ പാർട്ടി രണ്ടായി പിളർന്നതിന്റെ ഭാഗമായി കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും പേരും ചിഹ്നവും കൊടിയും എൻ.എ. മുഹമ്മദുകുട്ടി നേതൃത്വം നൽകുന്ന എൻ.സി.പിക്കാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തോമസ് കെ. തോമസ് എം.എൽ.എ ആർക്കൊപ്പമാണെന്ന് അറിയില്ല. അഖിലേന്ത്യ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാൻ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള വിഭാഗം തയാറാകുന്നില്ല. അണികളിൽ തെറ്റിദ്ധാരണ പരത്തിയാണ് സാദത്ത് ഹമീദിനെ ജില്ല പ്രസിഡന്റായി നിയമിച്ചത്.
മന്ത്രിസ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ തോമസ് കെ. തോമസ് എം.എൽ.എയോടൊപ്പം നിന്ന ചിലർകൂടി പി.സി. ചാക്കോ വിഭാഗത്തിലേക്ക് ചേക്കേറി. ഇതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലത്തിലെ പ്രവർത്തകർചേർന്ന് ആലപ്പുഴയിൽ ചേർന്ന യോഗത്തിലാണ് എൻ.സി.പി ഔദ്യോഗിക വിഭാഗം കമ്മിറ്റിക്ക് രൂപം നൽകിയത്.
തെരഞ്ഞെടുപ്പ് കമീഷന്റെ വിധിന്യായത്തിൽ അജിത്പവാർ നയിക്കുന്ന എൻ.സി.പിയെയാണ് അംഗീകരിച്ചത്. ഇതിന് പിന്നാലെയാണ് എൻ.എ. മുഹമ്മദ് കുട്ടിയെ സംസ്ഥാന പ്രസിഡന്റ് പദം ഏറ്റെടുത്തത്. അഖിലേന്ത്യതലത്തിൽ എൻ.ഡി.എയുടെ ഘടകകക്ഷിയാണെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യത്തിൽ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റായുള്ള വിഭാഗത്തിൽ സാദത്ത് ഹമീദിനെ ജില്ല പ്രസിഡന്റാക്കി ഒരു കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പമാണ് അഡ്വ. പള്ളിപ്പാട് രവീന്ദ്രനെ ജില്ല പ്രസിഡന്റാക്കി പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.
വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് അഡ്വ. പള്ളിപ്പാട് രവീന്ദ്രൻ, ജില്ല വൈസ് പ്രസിഡന്റ് മർഫി വേളോർവട്ടം, ജനറൽ സെക്രട്ടറിമാരായ സുരേഷ് ബാബു, വിജയകുമാർ, ബഷീർ, സെക്രട്ടറിമാരായ കെ.പി. പ്രകാശ്, മനോജ് രവി, രാജു, ട്രഷറർ ശിവൻ വെള്ളൂക്കേരിൽ, സ്റ്റീഫൻ റാഫേൽ, സെബാസ്റ്റ്യൻ വർഗീസ്, സതീഷ് കുമാർ, അനീഷ് ഡി. രാജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.