അവഗണിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ നടത്തിപ്പിന് കൈമാറുന്നു
text_fieldsതുറവൂർ: അധികൃതരുടെ അവഗണന മൂലം അനാഥമാകുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ നടത്തിപ്പിന് കൈമാറാൻ നടപടി.
അരൂക്കുറ്റി കൈതപ്പുഴക്കായലോരത്ത് നിർമിച്ചിട്ടുള്ള ബോട്ട് ജെട്ടി ഉൾപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രം, കുത്തിയതോട് തഴുപ്പ് കായലോരത്ത് നിർമിച്ചിട്ടുള്ള ഹൗസ്ബോട്ട് ടെർമിനൽ വിനോദസഞ്ചാര കേന്ദ്രം, തുറവൂർ-തൈക്കാട്ടുശ്ശേരി പാലത്തിനരികിലെ വഴിയോര വിശ്രമം കേന്ദ്രം എന്നിവയുടെ നടത്തിപ്പിനായി ജില്ല വിനോദസഞ്ചാര പ്രോത്സാഹന കൗൺസിലാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
അരൂക്കുറ്റിയിലെ ഹൗസ് ബോട്ട് ലാൻഡിങ് സെന്ററും ബോട്ട് ജെട്ടിയും വാച്ച് ടവറും ഉൾപ്പെടെ നിർമിതികൾ വർഷങ്ങളായി അനാഥമായി കിടക്കുകയാണ്. എറണാകുളം-വൈക്കം സർവിസ് നടത്തുന്ന വേഗ സൂപ്പർ സ്പീഡ് ബോട്ട് അരൂക്കുറ്റിയിലെ ബോട്ട് ജെട്ടിയിൽ നിർത്തുന്നതിനുവേണ്ടി കായലിൽ ആഴം കൂട്ടുന്ന പണികൾ നടത്തിയിരുന്നു.
എന്നാൽ, ബോട്ടിന്റെ സർവിസ് ഇതിനിടെ നിലച്ചതിനാൽ ബോട്ട് അടുക്കാനുള്ള നടപടികൾ നടന്നില്ല. ലക്ഷങ്ങളുടെ വിനോദസഞ്ചാര നിർമിതികൾ അരൂക്കുറ്റി കായലോരത്ത് അനാഥമായി നശിക്കുന്നത് ഒട്ടേറെ ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു.
ടേക് എ ബ്രേക് എന്ന ആശയത്തിലൂന്നി വിനോദസഞ്ചാര കേന്ദ്രത്തെ പുതിയ രീതിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നല്ല സൗകര്യമുള്ള ഇവിടെ വൈകുന്നേരങ്ങളിൽ സഞ്ചാരികൾക്ക് വന്നിരിക്കാനും വിനോദിക്കാനുമുള്ള കാര്യങ്ങൾ ഏർപ്പെടുത്താനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
തദ്ദേശീയരെ കൂടി ആകർഷിക്കുന്ന തരത്തിൽ ലഘുഭക്ഷണശാലകളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.
കുത്തിയതോട് തഴുപ്പിൽ ഹൗസ്ബോട്ട് ലാൻഡിങ് സൗകര്യം മാത്രമല്ല ഉള്ളത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലസൗകര്യവും കുട്ടികൾക്ക് കളിക്കാൻ വിനോദ ഉപകരണങ്ങളും ഇവിടെയുണ്ട്. കായലിനരികിൽ പാർക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയും നാട്ടുകാർക്കും മറ്റ് സഞ്ചാരികൾക്കും വിശ്രമിക്കാനുള്ള സ്ഥലമായാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതിന്റെ നടത്തിപ്പും സ്വകാര്യ വ്യക്തികളെ ഏൽപിക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
തുറവൂർ-തൈക്കാട്ടുശ്ശേരി പാലത്തിനരികിൽ തിരക്കേറി വരുന്ന വഴിയോര വിശ്രമകേന്ദ്രം അവഗണനമൂലം അനാഥമാണ്. ഇവിടെയുള്ള ഓടിന്റെ നിർമിതികളും പുൽത്തകിടികളും ഇരിപ്പിടങ്ങളും പരിചരണമില്ലാതെ നശിക്കുന്നു.
ടോയ്ലറ്റും ഇപ്പോൾ ഉപയോഗശൂന്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.